ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ഒന്നാംദിനം ഓസീസ് ‘എടുത്തു’; നാലു താരങ്ങൾക്ക് അർധ സെഞ്ച്വറി; ബുംറക്ക് മൂന്നു വിക്കറ്റ്

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ഒന്നാംദിനം ആസ്ട്രേലിയക്ക് സ്വന്തം. സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 86 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ്. നാലു മുൻനിര താരങ്ങളുടെ അർധ സെഞ്ച്വറിയാണ് ആതിഥേയരുടെ സ്കോർ 300 കടത്തിയത്.

തുടക്കത്തിൽ പതറിയെങ്കിലും പേസ് കുന്തമുന ജസ്പ്രീത് ബുംറ പോരാട്ടവീര്യം വീണ്ടെടുത്തതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 111 പന്തിൽ 68 റൺസുമായി സ്റ്റീവ് സ്മിത്തും 17 പന്തിൽ എട്ടു റൺസുമായി നായകൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടി ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖ്വാജയും മികച്ച തുടക്കം നൽകി. കോൺസ്റ്റാസ് അർധ സെഞ്ച്വറി നേടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. ഇരുവരും ഒന്നാം വിക്കറ്റിൽ 89 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 65 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജദേജ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ലബുഷെയ്നെ കൂട്ടുപിടിച്ച് ഖ്വാജ ടീം സ്കോർ 150 കടത്തി. തൊട്ടുപിന്നാലെ ഖ്വാജയെ ബുംറ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ലബുഷെയ്നും സ്റ്റീവ് സ്മിത്തും ക്രീസിൽ നിലയുറപ്പിച്ചതോടെ ഓസീസ് 200 കടന്നു. ഇതിനിടെ ലബുഷെയ്ൻ അർധ സെഞ്ച്വറിയും സ്വന്തമാക്കി. 114 പന്തിലാണ് താരം 50ലെത്തിയത്. ലബുഷെയ്നെ വാഷിങ് ടൺ സുന്ദർ കോഹ്ലിയുടെ കൈകളിലെത്തിച്ചു.

ഇന്ത്യക്ക് എന്നും തലവേനദയാകുന്ന ട്രാവിസ് ഹെഡ്ഡിനെ ബുംറ പൂജ്യത്തിന് ബൗൾഡാക്കി. ഏഴു പന്തുകൾ നേരിട്ടാണ് താരം മടങ്ങിയത്. നാലു റൺസെടുത്ത മാർഷിന് ബുംറ പന്തിന്‍റെ കൈകളിലെത്തിച്ചു. 41 പന്തിൽ 31 റൺസെടുത്ത അലക്സ് കാരിയെ അകാശ് ദീപ് പുറത്താക്കി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനു പകരം വാഷിങ്ടൺ സുന്ദർ ടീമിലെത്തി. കെ.എൽ. രാഹുലിനു പകരം നായകൻ രോഹിത് ശർമ ഇന്ത്യക്കായി ഓപ്പൺ ചെയ്യും. രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നത്. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ 1-1 എന്ന നിലയിലാണ് പരമ്പരയിപ്പോൾ. രോഹിത്തിന്‍റെയും വിരാട് കോഹ്ലിയുടെയും മോശം ഫോമാണ് ഇന്ത്യയെ വലകുന്നത്. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ കോഹ്‌ലി താളംകണ്ടെത്താനാവാതെ പതറുകയാണ്. ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയിൽ ഇതുവരെ ഒരു അർധശതകം പോലും നേടാൻ കഴിഞ്ഞിട്ടില്ല.

ബോക്സിങ് ഡേയിൽ ഒമ്പത് ടെസ്റ്റുകൾ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തിൽ ജയിക്കുകയും അത്രയെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.

ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ടീം ആസ്ട്രേലിയ: ഉസ്മാന്‍ ഖ്വാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.

Tags:    
News Summary - India vs Australia Test: Australia Lose 6th Wicket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.