മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് 19കാരനായ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസാണ്. പരമ്പരയിൽ ആതിഥേയർക്ക് തലവേദനയായ ലോക ക്രിക്കറ്റിലെ പേരുകേട്ട പേസർ ജസ്പ്രീത് ബുംറയെ വിറപ്പിച്ചാണ് യുവതാരം ടെസ്റ്റ് ക്രിക്കറ്റിൽ വരവറിയിച്ചത്.
ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട് കോൺസ്റ്റാസ് അതിവേഗം ടീം സ്കോർ ഉയർത്തുന്നത് തലവേദനയാകുമെന്ന് കണ്ടതോടെ വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ചത് മത്സരത്തിൽ വാക്കുതർക്കത്തിനിടയാക്കി. മത്സരത്തിന്‍റെ പത്താം ഓവറിലാണ് സംഭവം. സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂർവം തട്ടിയതാണ് തർക്കത്തിനു കാരണമായത്.
കോൺസ്റ്റാസ് ഇത് ചോദ്യം ചെയ്തതോടെ കോഹ്ലിയും താരത്തോട് കയർത്തു സംസാരിച്ചു. ഒടുവിൽ അമ്പയറും ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖ്വാജയും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇതിനിടെ കോൺസ്റ്റാസിന് കോഹ്ലി രൂക്ഷഭാവത്തോടെ നോക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കോഹ്ലിയുടെ അനാവശ്യ പ്രകോപനത്തോട് ബാറ്റുകൊണ്ടാണ് യുവതാരം മറുപടി നൽകിയത്. ഓസീസ് താരത്തിന്‍റെ തോളിൽ കോഹ്ലി മനപൂർവം തട്ടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താരത്തിന്‍റെ നടപടിയെ വിമർശിച്ചും ട്രോളിയും നിരവധി കമന്‍റുകളാണ് നിറയുന്നത്. മുൻ താരങ്ങളും വിമർശിച്ച് രംഗത്തെത്തി. 19കാരനും 36കാരനായ കുട്ടിയും, 19കാരനായ അരങ്ങേറ്റക്കാരനോട് തർക്കിച്ചതോടെ കോഹ്ലിയുടെ നിലവാരം താഴ്ന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ആദ്യ ഓവറില്‍ ബുംറയുടെ പന്തുകൾ ശ്രദ്ധയോടെ നേരിട്ടെങ്കിലും പിന്നീടങ്ങോട്ട് കണ്ടത് കോൺസ്റ്റാസിന്‍റെ അഴിഞ്ഞാട്ടമാണ്. മത്സരത്തിന്‍റെ ഏഴാം ഓവറിൽ ബുംറ ആദ്യമായി 19കാരന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം, രണ്ടാം പന്ത് സിക്സും പറത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി. 2021നുശേഷം ടെസ്റ്റിൽ ബുംറയുടെ പന്തിൽ ആദ്യമായാണ് ഒരുതാരം സിക്സടിക്കുന്നത്. അതും ഒരു അരങ്ങേറ്റക്കാരൻ.
കാമറൂൺ ഗ്രീനാണ് ഇതിനു മുമ്പ് ടെസ്റ്റിൽ ബുംറയുടെ പന്തിൽ സിക്സ് നേടിയത്. ഏഴാം ഓവറിലെ അഞ്ചാം പന്തും താരം ബൗണ്ടറി കടത്തി. മൊത്തം ആ ഓവറിൽ 14 റൺസാണ് താരം നേടിയത്. ബുംറ നാലു വർഷത്തിനിടെ ടെസ്റ്റിൽ 4448 പന്തുകൾ എറിഞ്ഞെങ്കിലും ഒരാൾക്കുപോലും സിക്സ് നേടാൻ കഴിഞ്ഞിരുന്നില്ല. 11ാം ഓവറിലും ബുംറ യുവതാരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഒരു സിക്സും രണ്ടു ഫോറുമടക്കം 18 റൺസാണ് താരം അടിച്ചെടുത്തത്.
ഇന്ത്യൻ ബൗളർമാരുടെ പന്തുകളിൽ സാഹസിക ഷോട്ടുകള്‍ ഉള്‍പ്പെടെ അനായാസം കളിച്ച താരം 52 പന്തിലാണ് അർധ സെഞ്ച്വറിയിലെത്തിയത്.
ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുന്ന ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത കോന്‍സ്റ്റാസ് ബുംറയെയും ഇന്ത്യൻ താരങ്ങളെയും ശരിക്കും ഞെട്ടിച്ചുവെന്ന് തന്നെ പറയാം. ആസ്‌ട്രേലിയയില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ബുംറ. 21 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും. താരത്തിന്‍റെ ടെസ്റ്റ് ചരിത്രം നോക്കുമ്പോള്‍ രണ്ട് സിക്‌സുകള്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ഈ റെക്കോഡാണ് അരങ്ങേറ്റക്കാരൻ തകർത്തത്. 65 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജദേജ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.