ഷുഐബ് അക്തറിന്റെ കഥ ഇനി വെള്ളിത്തിരയിൽ; 'റാവൽപിണ്ടി എക്സ്പ്രസിൽ' വേഷമിടാൻ ബ്രെറ്റ് ലീയും

മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തറിന്റെ ജീവിതം പറയുന്ന സിനിമയൊരുങ്ങുന്നു. 'റാവൽപിണ്ടി എക്‌സ്പ്രസ് - റണ്ണിങ് എഗൈൻസ്റ്റ് ദി ഓഡ്‌സ്' എന്ന പേരിലുള്ള ചിത്രത്തിന്റെ പോസ്റ്റർ താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. മുഹമ്മദ് ഫറാസ് ഖൈസർ സംവിധാനം ചെയ്യുന്ന ജീവചരിത്ര സിനിമ 2023 നവംബർ 16നായിരിക്കും റിലീസ് ചെയ്യുക. തിയറ്ററിലും ഡിജിറ്റൽ റിലീസായും ചിത്രം പുറത്തിറങ്ങും. ഓസ്ട്രേലിയൻ ഫാസ്റ്റ് ​ബൗളർ ബ്രെറ്റ് ലീ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും അക്തർ വെളിപ്പെടുത്തി.

''മനോഹര യാത്രയുടെ തുടക്കം. എന്റെ കഥ, എന്റെ ജീവിതം, എന്റെ ജീവചരിത്രം 'റാവൽപിണ്ടി എക്‌സ്‌പ്രസ്' പ്രഖ്യാപിക്കുന്നു. നിങ്ങൾ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു യാത്രയിലേക്കാണ് നയിക്കുന്നത്. ഒരു പാകിസ്താൻ കായികതാരത്തെക്കുറിച്ചുള്ള ആദ്യ വിദേശ ചിത്രമാണിത്'' -അക്തർ ട്വിറ്ററിൽ കുറിച്ചു. അഭിനേതാക്കളെ കുറിച്ച് ചോദിച്ചപ്പോൾ ഇതൊരു വിദേശ ചിത്രമാണെന്ന് വെളിപ്പെടുത്തിയ അക്തർ വിശദാംശങ്ങൾ ഉടൻ നൽകാമെന്നും പ്രതികരിച്ചു.

46 ടെസ്റ്റുകളിലും 163 ഏകദിനങ്ങളിലും 15 ട്വന്റി 20കളിലും പാകിസ്താനെ പ്രതിനിധീകരിച്ച അക്തർ, തന്റെ അസാമാന്യ വേഗതയിലൂടെയാണ് ശ്രദ്ധേയനായത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതിനുള്ള റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2002ൽ ന്യൂസിലൻഡിനെതിരെയാണ് മണിക്കൂറിൽ 161 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് റെക്കോർഡിട്ടത്.

Tags:    
News Summary - shoaib akhtar's story to the silver screen; Brett lee to play in 'Rawalpindi Express'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.