കാൺപൂർ: അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയടിച്ച് ശ്രേയസ് അയ്യർ. 157 പന്തിലാണ് അയ്യർ സെഞ്ച്വറി പിന്നിട്ടത്. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന പതിനാറാമത്തെ ഇന്ത്യൻ കളിക്കാരനാണ് ശ്രേയസ് അയ്യർ.പിന്നീട് 105 റൺസെടുത്ത ശ്രേയസ് അയ്യർ സൗത്തിയുടെ പന്തിൽ പുറത്തായി. രണ്ടാം ദിനം 75 റൺസുമായാണ് അയ്യർ ബാറ്റിങ് പുനഃരാരംഭിച്ചത്.
അതേസമയം, രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് പിന്നിട്ടു. ശ്രേയസ് അയ്യറിന് പുറമേ അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിലും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻനിരയിൽ തിളങ്ങിയത്. ന്യൂസിലാൻഡിനായി ടിം സൗത്തി, കെയ്ൽ ജാമിൻസൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രോഹിതും രാഹുലുമില്ലാതെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മായങ്ക് അഗർവാൾ- ശുഭ്മാൻ ഗിൽ എന്നിവരാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. 13 റൺസ് മാത്രം ചേർക്കുന്നതിനിടെ മായങ്ക് മടങ്ങിയപ്പോൾ വൺഡൗണായി എത്തിയത് േചതേശ്വർ പൂജാര. ഇരുവരും ചേർന്ന് കരുതലോടെ കളിച്ചെങ്കിലും ടീം സ്കോർ 82ൽ നിൽക്കെ അർധ സെഞ്ച്വറി (52 റൺസ്) പൂർത്തിയാക്കി ശുഭ്മാൻ ഗിൽ പുറത്ത്.
പിന്നീട് പൂജാരയെ കൂട്ടി അജിൻക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന അപകടകരമായ സ്കോറിൽ നിൽക്കെ ഒന്നിച്ച ശ്രേയസ് അയ്യരും രവീന്ദ്ര ജദേജയും ചേർന്ന് കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.
വമ്പന്മാർ അവധിയിലായ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാർക്കും വെറ്ററൻമാർക്കും ലഭിച്ച അവസരം മുതലാക്കിയാൽ ന്യൂസിലൻഡ് ശരിക്കും വിയർക്കേണ്ടിവരും. ട്വൻറി20 പരമ്പര തൂത്തുവാരിയ ശേഷം ടെസ്റ്റിനിറങ്ങുന്ന ടീമിൽ ഇശാന്ത് ശർമ ഉൾപ്പെടെ ബൗളിങ്ങിലും ശ്രേയസ് അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാൻ ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.