പുറത്ത് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനാകാനിരിക്കുന്ന ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ മാർച്ച് 31ന് ആരംഭിക്കുന്ന ഐ.പി.എല്ലിൽ കളിക്കില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇതോടെ പുതിയ ക്യാപ്റ്റനെ നിർദേശിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഐ.പി.എൽ താരലേലത്തിൽ 12.25 കോടി നൽകിയാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയിരുന്നത്.
പുറംവേദന കലശലായതോടെ ആസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിൽ താരത്തിന് അവധി നൽകിയിരുന്നു. പിന്നീട് ഏകദിന പരമ്പരയിൽനിന്നും മാറിനിന്ന ശ്രേയസ് അയ്യർക്ക് നാലോ അഞ്ചോ മാസം വിശ്രമം ആവശ്യമാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്.
ഏപ്രിൽ ഒന്നിനാണ് കൊൽക്കത്തത്ത് ഐ.പി.എല്ലിൽ ആദ്യ മത്സരം. ടീമിന്റെ പ്രകടനങ്ങളിൽ പ്രമുഖ സാന്നിധ്യം പ്രതീക്ഷിക്കപ്പെട്ടിരുന്ന 28കാരന്റെ അഭാവം കനത്ത തിരിച്ചടിയാകും. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും അയ്യർക്ക് ഇറങ്ങാനാകില്ലെന്നാണ് സൂചന.
ശ്രേയസ് അയ്യർക്ക് പകരമായി ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരങ്ങളിൽ കരുൺ നായർ, സചിൻ ബേബി തുടങ്ങിയവരുണ്ടെങ്കിലും ടീം അന്തിമ തീരുമാനമെടുത്തിട്ടില്ല.
അതേ സമയം, ശ്രേയസ് അയ്യർ കൂടി മടങ്ങുന്നതോടെ ഐ.പി.എൽ നഷ്ടമാകുന്ന മുൻനിര താരങ്ങൾ മൂന്നായി. പരിക്കുമൂലം അവധിയിലുള്ള ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ അസാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.