കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കാൺപൂരിലെ ഗ്രീൻപാർക്കിൽ ബാറ്റർ ശ്രേയസ് അയ്യർ ഇന്ത്യക്കായും ന്യൂസിലൻഡിനായി ഓൾറൗണ്ടർ രചിൻ രവീന്ദ്ര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.
ഇതിഹാസ താരം സുനിൽ ഗാവസ്കറാണ് ശ്രേയസിന് ടെസ്റ്റ് തൊപ്പി സമ്മാനിച്ചത്. ഇന്ത്യയുടെ 303ാം ടെസ്റ്റ് കളിക്കാരനാണ് ശ്രേയസ്. ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളുമാകും ഇന്ത്യക്കായി ഇന്നിങ് ഓപൺ ചെയ്യുക. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ. രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, ആർ. അശ്വിൻ എന്നിവർക്കൊപ്പം ഇശാന്ത് ശർമയും ഉമേഷ് യാദവുമാണ് പേസർമാരായി ടീമിലുള്ളത്.
ടീമിൽ കാര്യമായ മറ്റ് അഴിച്ച് പണികളില്ലാതെയാകും കെയ്ൻ വില്യംസൺ പോരാടുക. ഓപണർമാരായ രോഹിത് ശർമ കെ.എൽ. രാഹുലും മാത്രമല്ല, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിങ്ങനെ മുൻനിരയിൽ പലരും പുറത്തിരിക്കുന്ന ടീമാണ് കരുത്തരായ ന്യൂസിലൻഡിനെതിരെ ജയം തേടി ഇറങ്ങുന്നത്. ശ്രേയസ് അയ്യർ ടെസ്റ്റിൽ അരങ്ങേറുന്നുവെന്നതാണ് പ്രധാന സവിശേഷത.
കോഹ്ലിയും രോഹിത്തും വിശ്രമത്തിലുള്ള ടീമിനെ നയിക്കുന്നത് അജിങ്ക്യ രഹാനെ. താരം പോലും ഫോം കണ്ടെത്താനാവാതെ പുറത്താകലിെൻറ വക്കിലാണ്. ബൗളിങ് നിരയെ നയിച്ച് ഇടമുറപ്പിച്ച ഇശാന്ത് ശർമയും സമാന പ്രതിസന്ധിക്കു നടുവിൽ. നൂറിലേറെ ടെസ്റ്റുകളിൽ 300 ലേറെ വിക്കറ്റുമായി ഇശാന്ത് ഒരുകാലത്ത് ഇന്ത്യയുടെ വജ്രായുധമായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാം നേരെ മറിച്ചാണ്.
ഇത്തവണ ന്യൂസിലൻഡിനെതിരെ ജയിക്കാനായില്ലെങ്കിൽ ഇരുവരും അതിവേഗം പുറത്താകുമെന്നുറപ്പ്. ഇന്ത്യൻ ബൗളിങ്ങിന് മൂർച്ച നൽകാൻ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് തുടങ്ങിയവരിലാണ് ക്യാപ്റ്റെൻറ പ്രതീക്ഷകളത്രയും. ബാറ്റിങ്ങിൽ രഹാനെ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, ശ്രേയസ് അയ്യർ എന്നിവരും മികവു കാട്ടണം.
മറുവശത്ത് ഏറ്റവും മികച്ച ടീമുമായി ട്വൻറി20 പരാജയം മായ്ച്ചുകളയാനുള്ള ഒരുക്കത്തിലാണ് നിലവിലെ ടെസ്റ്റ് ലോക ചാമ്പ്യന്മാരായ കിവികൾ. കെയിൻ വില്യംസൺ നയിക്കുന്ന ടീമിന് ഏതുനിരയിലും മികച്ച പ്രകടനവുമായി മുന്നിൽനിൽക്കാൻ പ്രഗല്ഭരുണ്ടെന്നതാണ് മികവ്.
ഇന്ത്യ: ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, ആർ. അശ്വിൻ, ഇശാന്ത് ശർമ, ഉമേഷ് യാദവ്.
ന്യൂസിലൻഡ്: ടോം ലഥാം, വിൽ യങ്, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ഹെന്‍റി നികോൾസ്, ടോം ബ്ലൻഡൽ, രചിൻ രവീന്ദ്ര, കൈൽ ജാമിസൺ,ടിം സൗത്തി, അജാസ് പേട്ടൽ, വിൽ സോമർവിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.