ഫോമില്ലായ്മയിൽ വലയുമ്പോഴും ശുഭ്മൻ ഗില്ലിന് ടീമിൽ ഇടംനൽകുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കളിച്ച 12 ഇന്നിങ്‌സുകളിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത താരത്തെ ടീമിൽനിന്ന് പുറത്താക്കണം എന്നായിരുന്നു മുൻ താരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടത്.
എന്നാൽ, വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നിർണായക സെഞ്ച്വറി നേടിയാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടെ അഭാവവും കെ.എൽ. രാഹുലിന് പരിക്കേറ്റതുമാണ് മോശം ഫോമിനിടയിലും രണ്ടാം ടെസ്റ്റിൽ ഗില്ലിന് ഇടംനൽകിയത്. എന്നാൽ ആദ്യ ഇന്നിങ്‌സില്‍ താരം നിരാശപ്പെടുത്തി. ഇതോടെ മുന്നറിയിപ്പുമായി ടീം മാനേജ്മെന്‍റും രവി ശാസ്ത്രിയടക്കമുള്ളവരും രംഗത്തെത്തി. രഞ്ജി കളിക്കാൻ വരെ താരം മാനസികമായി ഒരുങ്ങിയിരുന്നു.
സര്‍വരും ഗില്ലിനെ തള്ളിപ്പറയുമ്പോഴും മുന്‍ ഇംഗ്ലണ്ട് നായകൻ കെവിന്‍ പീറ്റേഴ്സണ്‍ താരത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഗില്ലിൽ ഇനിയും വിശ്വാസമര്‍പ്പിക്കണം എന്നാണ് പീറ്റേഴ്സൺ പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രതീക്ഷ ഗിൽ തെറ്റിച്ചില്ല. രണ്ടാം ഇന്നിങ്സിൽ 147 പന്തുകളിൽ 11 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 104 റൺസാണ് ഗിൽ നേടിയത്. സെഞ്ച്വറി നേടിയതിനു പിന്നാലെ ഡ്രസ്സിങ് റൂമിനുനേരെ ആശ്വാസത്തോടെ ബാറ്റുയർത്തുക മാത്രമാണ് താരം ചെയ്തത്.
അതേസമയം, ടെസ്റ്റിന്‍റെ മൂന്നാം ദിനം ഗില്ലിനെ നേരില്‍ കാണണം എന്ന ആഗ്രഹം പീറ്റേഴ്സണ്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൈവിരലിന് പരിക്കേറ്റതിനാൽ ഗില്ലിന് പീറ്റേഴ്സണെ കണാനായില്ല. ഇതില്‍ പീറ്റേഴ്സണോട് ക്ഷാമപണം നടത്തിയിരിക്കുകയാണ് ഗില്‍. ‘കണ്ടുമുട്ടാനാവാത്തതില്‍ ദുഃഖമുണ്ട്. കൈവിരലിന് പരിക്കേറ്റതിനാൽ എനിക്ക് സ്കാനിങ്ങിന് പോകേണ്ടതുണ്ടായിരുന്നു’ -ഗില്‍ എക്സിൽ കുറിച്ചു. അതു സാരമില്ലെന്നായിരുന്നു പീറ്റേഴ്‌സന്റെ മറുപടി.
‘അത് സാരമില്ല; ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു. ഏറെ കാലമായി ഞാന്‍ താങ്കളെ പിന്തുണക്കുന്നുണ്ട്. കാലിസിനെ കുറിച്ച് കഴിഞ്ഞദിവസം ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതിന്‍റെ പേരിൽ നിരവധി അധിക്ഷേപങ്ങൾ കേട്ടു. നന്ദി ഗിൽ’ -പീറ്റേഴ്സൺ കുറിച്ചു. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയാണ് ഗിൽ നേടിയത്. ഏകദിനത്തിൽ ആറും ട്വന്‍റി20യിൽ ഒരു സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.