ശുഭ്മൻ ഗില്ലിന് അർധ സെഞ്ച്വറി (67); പഞ്ചാബിനെ ആറു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത്

മൊഹാലി: ഐ.പി.എല്ലില്‍ അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആറു വിക്കറ്റ് ജയം. പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് ലക്ഷ്യം കണ്ടു.

19.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 154. ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് തുണയായത്. താരം 49 പന്തിൽ 67 റൺസെടുത്തു. വൃദ്ധിമാൻ സാഹ (19 പന്തിൽ 30 റൺസ്), സായ് സുദർശൻ (20 പന്തിൽ 19), ഹാർദിക് പാണ്ഡ്യ (11 പന്തിൽ എട്ട്), എന്നിവരാണ് പുറത്തായ താരങ്ങൾ. 17 റൺസുമായി ഡേവിഡ് മില്ലറും അഞ്ചു റൺസുമായി രാഹുൽ തെവാത്തിയയും പുറത്താകാതെ നിന്നു.

അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺസായിരുന്നു വേണ്ടിയിരുന്നത്. സാം കറന്‍റെ ആദ്യത്തെ പന്തിൽ സിംഗ്ൾ. രണ്ടാമത്തെ പന്തിൽ ഗിൽ ക്ലീൻ ബൗൾഡ്. മൂന്നാമത്തെയും നാലാമത്തെയും പന്തുകളിൽ സിംഗ്ൾസ്. അഞ്ചാമത്തെ പന്തിൽ തെവാത്തിയ പന്ത് ബൗണ്ടറി കടത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്, കഗിസോ റബാദ, ഹർപ്രീത് ബ്രാർ, സാം കരൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രഭ്‌സിമ്രാന്‍ സിങ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ വേഗത്തിൽ നഷ്ടമായി. മാത്യു ഷോർട്ടാണ് ടോപ് സ്കോറർ. താരം 24 പന്തിൽ 36 റൺസെടുത്തു. ഭാനുക രജപക്‌സ (26 പന്തിൽ 20 റൺസ്), ജിതേഷ് ശർമ (23 പന്തിൽ 25), സാം കറൺ (22 പന്തിൽ 22), ഷാറൂഖ് ഖാൻ (ഒമ്പത് പന്തിൽ 22), റിഷി ധവാൻ (ഒരു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹർപ്രീത് ബ്രാർ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ഗുജറാത്തിനായി മൊഹിത് ശർമ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Shubman Gill Guides Gujarat Titans To Victory Over Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.