ദുബൈ: സെപ്റ്റംബറിലെ ഐ.സി.സിയുടെ മികച്ച പുരഷ താരത്തെ കണ്ടെത്താനുള്ള നോമിനേഷൻ പട്ടികയിൽ ഇന്ത്യയുടെ രണ്ടു താരങ്ങളുൾപ്പെടെ മൂന്ന് പേർ. ഇന്ത്യൻ ഓപണർ ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് സിറാജും ഇംഗ്ലണ്ട് ഓപണർ ഡേവിഡ് മലനുമാണ് ഐ.സി.സി ഇന്ന് പ്രസിദ്ധീകരിച്ച നോമിനേഷൻ പട്ടികയിൽ ഇടം നേടിയത്.
ഈ വർഷത്തെ ഏഷ്യാ കപ്പിലെ മികച്ച പ്രകടനമാണ് ഗില്ലിനും സിറാജിനും ഗുണമായത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഡേവിഡ് മലനെയും പുരസ്കാരത്തിനരികിലെത്തിച്ചത്.
കൊളംബോയിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് മിന്നും പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. ആറ് വിക്കറ്റ് വീഴ്ത്തി ലങ്കയെ 50 റൺസിനുള്ളിൽ ചുരുട്ടിക്കെട്ടിയത് സിറാജായിരുന്നു. ഏഷ്യ കപ്പിലെ പ്രകടനത്തോടെ സിറാജ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.
നിലവിൽ ചെന്നൈയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശുഭ്മാൻ ഗിൽ ഏഷ്യ കപ്പിലുൾപ്പെടെ മികച്ച ഫോമിലായിരുന്നു. 2023-ൽ ഏകദിന ക്രിക്കറ്റിൽ 1000-ലധികം റൺസും നാല് സെഞ്ച്വറികളും നേടിയ ഗിൽ ഇത് രണ്ടാം തവണയാണ് പുരസ്കാര സാധ്യത പട്ടികയിലെത്തുന്നത്. ഈ വർഷം ജനുവരിയിൽ ഗിൽ ഈ നേട്ടം കൈവരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.