ഐ.പി.എൽ കലാശക്കളിയിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടാനിരിക്കെ ഗുജറാത്ത് ഓപണർ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ തെണ്ടുൽകർ. അപാര ഫോമിലുള്ള ഓപണറെ പ്രശംസിച്ച് സമൂഹ മാധ്യമത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
''ഐ.പി.എല്‍ സീസണില്‍ അവിസ്മരണീയ പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റേത്. ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ട് സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചെടുത്തു. അതിലൊന്ന് മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ തകർത്തു, മറ്റൊന്ന് വലിയ ആഘാതത്തിൽനിന്ന് അവരെ കരകയറ്റി. ക്രിക്കറ്റ് എപ്പോഴും പ്രവചനാതീതമാണ്. ശുഭ്മാന്റെ ബാറ്റിങ്ങിൽ എന്നെ ശരിക്കും ആകർഷിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സ്വഭാവവും അചഞ്ചലമായ ശാന്തതയും റണ്ണുകൾക്കായുള്ള അടങ്ങാത്ത ആഗ്രഹവും വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടവുമാണ്. 12ാം ഓവര്‍ മുതല്‍ ശുഭ്മാന്റെ അസാധാരണമായ ആക്രമണോത്സുകത ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മുഹമ്മദ് ഷമിക്കെതിരെ തിലക് വര്‍മ നേടിയ 24 റണ്‍സ് മുംബൈയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകുന്നത് വരെ പ്രതീക്ഷയുണ്ടായിരുന്നു.
ഗുജറാത്ത് മികച്ച ടീമാണ്. ഗിൽ, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകൾ ചെന്നൈ സൂപ്പർ കിങ്സിന് നിര്‍ണായകമാണ്. എം.എസ് ധോണി എട്ടാമനായി ഇറങ്ങുന്നു എന്നത് ചെന്നൈയുടെ ആഴത്തിലുള്ള ബാറ്റിങ് ലൈനപ്പാണ് കാണിക്കുന്നത്. ആവേശമേറിയ ഫൈനലായിരിക്കും കാണാൻ പോകുന്നത്.'' സച്ചിന്‍ കുറിച്ചു.
സച്ചിന്റെ മകൾ സാറയുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടയിലെ സച്ചിന്റെ പ്രശംസ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം.ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ കീഴടക്കിയാണ് ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെയും തോൽപിച്ചു. അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈയുടെ പത്താം ഐ.പി.എല്‍ ഫൈനലാണിത്. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഗുജറാത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.