തുടക്കം ‘തകർത്തു’; ദക്ഷിണാഫ്രിക്കൻ മുൻനിരയെ എറിഞ്ഞിട്ട് സിറാജ്

കേപ്ടൗൺ: മുഹമ്മദ് സിറാജിന്റെ മാരക പേസാക്രമണത്തിൽ അടിതെറ്റി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര. രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരുടെ ഏഴ് വിക്കറ്റുകൾ 45 റൺസെടുക്കുമ്പോഴേക്കും സിറാജ്-ബുംറ സഖ്യം എറിഞ്ഞിട്ടു. 19 ഓവർ പിന്നിടുമ്പോൾ ഏഴിന് 46 റൺസെന്ന ദയനീയ നിലയിലാണവർ. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെ മടക്കിപ്പോൾ അവശേഷിക്കുന്ന വിക്കറ്റ് ബുംറയും സ്വന്തമാക്കി.

സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഓപണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.

17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് ​വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിന്റെ ഊഴമായിരുന്നു അടുത്തത്. യശസ്വി ജയ്സ്വാളാണ് താരത്തെ പിടികൂടിയത്.

തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് സിറാജ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോ​ടെ വിക്കറ്റ് നേട്ടം ആറായി. മൂന്ന് റൺസുമായി കേശവ് മഹാരാജും റൺസൊന്നുമെടുക്കാതെ കഗിസൊ റബാദയുമാണ് ക്രീസിൽ.

Tags:    
News Summary - Siraj bowled the South African top order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.