പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് വെസ്റ്റിൻഡീസിന്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 255 റൺസിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്സിൽ 438 റൺസെടുത്ത ഇന്ത്യക്ക് ഇതോടെ 183 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഇന്ന് ആദ്യ സെഷനിൽ 7.4 ഓവർ മാത്രം ബാറ്റു ചെയ്ത വിൻഡീസിന് 26 റൺസെടുക്കുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റ് നഷ്ടമായത്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ട്വന്റി 20 സ്റ്റൈലിലാണ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. മഴ കാരണം നേരത്തേ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇതോടെ ഇന്ത്യയുടെ ലീഡ് 281 റൺസായി. വേഗത്തിൽ റൺസടിച്ചുകൂട്ടി വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റിങ്ങിനയച്ച് വിജയം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിവേഗത്തിൽ അർധസെഞ്ച്വറി അടിച്ചെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ (44 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതം 57) വിക്കറ്റാണ് നഷ്ടമായത്. ഗബ്രിയേലിന്റെ പന്തിൽ ജോസഫ് പിടിച്ച് പുറത്താവുകയായിരുന്നു. 28 പന്തിൽ 37 റൺസുമായി സഹഓപണർ യശസ്വി ജയ്‌സ്വാളും റൺസൊന്നുമെടുക്കാതെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
അലിക് അത്താനസ് (37), ജേസൻ ഹോൾഡർ (15), കെമർ റോഷ് (നാല്), അൽസാരി ജോസഫ് (നാല്), ഷാനൺ ഗബ്രിയേൽ (0) എന്നിവരാണ് ഇന്ന് പുറത്തായ വിൻഡീസ് താരങ്ങൾ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് നാലാം ദിനം ആദ്യ സെഷനിൽ തന്നെ വിൻഡീസിന്റെ കഥ കഴിച്ചത്. ഇന്ന് വീണ അഞ്ച് വിൻഡീസ് വിക്കറ്റുകളിൽ നാലും സിറാജ് സ്വന്തമാക്കി. 23.4 ഓവറിൽ 60 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം. അരങ്ങേറ്റ ടെസ്റ്റ് കളിച്ച മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും അശ്വിൻ ഒന്നും വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‍വെയ്റ്റ് (75) ആണ് ആതിഥേയരുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.