അഹ്മദാബാദ്: അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ചുവിക്കറ്റ് ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച 245 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പുറത്താകാതെ 76 റൺസ് നേടിയ വാൻഡർ ഡസന്റെയും ഓപണർ ക്വിന്റൺ ഡി കോക്കിന്റെയും ഫെലുക്വായോയുടെയും മികച്ച പ്രകടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഡി കോക്കും തെംബ ബാവുമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും സ്കോർ 64 ൽ നിൽക്കെ ബാവുമ (23) മടങ്ങി. 66 ൽ ഡി കോക്കും (41) മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന് വാൻഡർ ഡസനും എയ്ഡൻ മർക്രാമും (25) ചേർന്ന് കൂട്ടുക്കെട്ട് ഉയർത്തിയെങ്കിലും മർക്രാമിനെ പുറത്താക്കി റാഷിദ് ഖാൻ ആ കൂട്ടുക്കെട്ട് പൊളിച്ചു. തുടർന്നെത്തിയ ഹെൻറിച്ച് ക്ലാസനെ (10) നിലയുറപ്പിക്കും മുൻപ് റാഷിദ് ഖാൻ മടക്കി. ഡേവിഡ് മില്ലർ (24) മുഹമ്മദ് നബിക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ ആൻഡിൽ ഫെലുക്വായോ വാൻഡർ ഡസന് ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചതോടെ ടീം അനായാസം വിജയത്തിലെത്തി. ഫെലുക്വായോ 39 ഉം വാൻഡർ ഡസൻ 76 ഉം റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, ഓൾറൗണ്ടർ അസ്മത്തുല്ല ഒമർസായി പുറത്താകാതെ നേടിയ 97 റൺസ് ദക്ഷിണാഫ്രിക്കക്കെതിരായ ബാറ്റിങ് തകർച്ചക്കു ശേഷം അഫ്ഗാനിസ്താനെ 244 ലെത്തിച്ചത്. ഫോം തുടർന്ന ഒമർസായി 107 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. കഗിസോ റബാദ എറിഞ്ഞ അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളിൽ റൺസ് നേടാനാവാതിരുന്നത് കന്നി സെഞ്ച്വറി ഈ താരത്തിന് നഷ്ടമാക്കി. ജെറാൾഡ് കോറ്റ്സി 44 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ലുൻഗി എൻഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നേടിയ ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ശക്തരായ എതിരാളികൾക്കെതിരെ 11 ഓവർ വരെ വിക്കറ്റ് പോകാതെ കാത്ത അഫ്ഗാൻ പെട്ടെന്ന് മൂന്നിന് 45 എന്ന നിലയിലായി. ഓപണർ റഹ്മത്തുല്ല ഗുർബാസ് 21 പന്തിൽ 25 റൺസെടുത്തു. പിന്നീട് അഞ്ചാമനായി ഇറങ്ങിയ ഒമർസായി റൺസുയർത്തി.
ആറാം വിക്കറ്റിൽ ഒമർസായിയും റാഷിദ് ഖാനും 44 റൺസ് ചേർത്തത് ടീമിനെ 150 കടക്കാൻ സഹായിച്ചു. എട്ടാം വിക്കറ്റിൽ നൂർ അഹമ്മദുമായി ചേർന്ന് ഒമർസായി 44 റൺസ് ചേർത്തതോടെ അഫ്ഗാൻ 200 പിന്നിട്ടു. വിശ്രമം അനുവദിച്ച തബ്രായിസ് ഷംസിക്കും മാർക്കോ ജാൻസനും പകരം ആൻഡിൽ ഫെലുക്വായോയെയും ജെറാൾഡ് കോറ്റ്സിയും ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചു. അഫ്ഗാനിസ്താൻ ടീമിൽ മാറ്റമുണ്ടായിരുന്നില്ല.
തോറ്റെങ്കിലും അഫ്ഗാൻ തല ഉയർത്തി തന്നെയാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് തോൽവിയും ഉൾപ്പെടെ എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണിപ്പോൾ. കഴിഞ്ഞ ലോകകപ്പിൽ ഒരു വിജയം പോലും ഇല്ലാതിരുന്ന ടീം അവിശ്വസനീയമായ പ്രകടനമാണ് ഈ ലോകകപ്പിൽ പുറത്തെടുത്തത്.
ഒമ്പത് കളികളിൽനിന്ന് 14 പോയന്റുള്ള ദക്ഷിണാഫ്രിക്ക നേരത്തേ സെമിയുറപ്പിച്ചിരുന്നു. വ്യാഴാഴ്ച കൊൽക്കത്ത ഈഡൻഗാർഡൻസിൽ ആ സ്ട്രേലിയയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.