തിരുവനന്തപുരം: ഏഴ് വർഷത്തെ വിലക്കിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലാണ് ശ്രീശാന്ത് കളിക്കുക. ടൈഗേഴ്സ് ടീമിൽ കളിച്ചുകൊണ്ടാണ് മലയാളി പേസർ തിരിച്ചുവരികയെന്ന് കെ.സി.എ സ്ഥിരീകരിച്ചു.
പ്രസിഡന്‍റ്സ് കപ്പിൽ ആറ് ടീമുകളാണ് കളിക്കുക. ഡിസംബർ 17 മുതൽ ആലപ്പുഴയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിന്‍റെ സാഹചര്യത്തിൽ ടൂർണമെന്‍റ് നടത്തുന്നതിന് സർക്കാരിന്‍റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടെന്ന് കെ.സി.എ ഭാരവാഹികൽ വ്യക്തമാക്കി. ഇതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
2013ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐ.പി.എൽ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ബി.സി.സി.ഐ താരത്തിന് മേൽ ആജിവനാന്ത വിലക്കും ഏർപ്പെടുത്തി. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്‍റെ വിലക്ക് ഏഴ് വർഷമാക്കി ബി.സി.സി.ഐ കുറച്ചത്.
2020 സെപ്തംബറിൽ ശ്രീശാന്തിന്‍റെ വിലക്ക് അവസാനിച്ചു. ഫിറ്റ്നസ് തെളിയിച്ചാൽ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെ.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.