ഗോൾ: രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയിലും കളിക്കളത്തിൽ വിജയമധുരം നുണഞ്ഞ് ശ്രീലങ്ക. കരുത്തരായ ആസ്ട്രേലിയയെ ഇന്നിങ്സിനും 39 റൺസിനും തകർത്താണ് ലങ്കൻ വിജയഭേരി. ആദ്യമായാണ് ലങ്ക ഓസീസിനെതിരെ ഇന്നിങ്സ് വിജയം നേടുന്നത്.
ആദ്യ ഇന്നിങ്സിൽ 364 റൺസ് നേടിയ ആസ്ട്രേലിയക്കെതിരെ 554 റൺസടിച്ച ലങ്ക രണ്ടാം വട്ടം എതിരാളികളെ 151 റൺസിന് കറക്കി വീഴ്ത്തുകയായിരുന്നു. ആദ്യ കളിക്കിറങ്ങിയ ഇടംകൈയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ആറു വിക്കറ്റുമായി ഓസീസിന്റെ അന്തകനായത്. രമേശ് മെൻഡിസും മഹീഷ് തീക്ഷ്ണയും രണ്ടു വിക്കറ്റ് വീതം നേടി.
32 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് ഓസീസ് ടോപ്സ്കോറർ. ആദ്യ വിക്കറ്റിന് 49 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു കങ്കാരുക്കളുടെ തകർച്ച. നേരത്തെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ ദിനേശ് ചണ്ഡിമലിന്റെ (206) ഇന്നിങ്സാണ് ലങ്കക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിലും ആറു വിക്കറ്റ് നേടിയിരുന്ന ജയസൂര്യ മത്സരത്തിൽ 177 റൺസിന് 12 വിക്കറ്റ് പിഴുതു. ആദ്യ ടെസ്റ്റ് 10 വിക്കറ്റിന് തോറ്റശേഷം കോവിഡ് മൂലം നാലു കളിക്കാരെ നഷ്ടമായതുകൊണ്ട് മാത്രമാണ് ജയസൂര്യക്ക് അവസരം ലഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.