ദുബൈ: ആദ്യ സെമിയിൽ ഡാരിൽ മിച്ചലും ജിമ്മി നീഷമും ചെയ്തത് രണ്ടാം സെമിയിൽ മാത്യു വെയ്ഡും മാർകസ് സ്േറ്റായ്നിസും ആവർത്തിച്ചപ്പോൾ ആസ്ട്രേലിയ ട്വൻറി20 ലോകകപ്പ് ഫൈനലിൽ. ആവേശകരമായ കലാശക്കളിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് ഓസീസിെൻറ ഫൈനൽ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ ഓസീസ് ഒരോവർ ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
17 പന്തിൽ നാലു സിക്സും രണ്ടും സഹിതം 41 റൺസുമായി പുറത്താവാതെനിന്ന വെയ്ഡും രണ്ടു വീതം സിക്സും ഫോറുമായി 40 റൺസോടെ പുറത്താവാതെ നിന്ന മാർകസ് സ്റ്റോയ്നിസും അഭേദ്യമായ ആറാം വിക്കറ്റിൽ 46 പന്തിൽ 81 റൺസുമായി അസാധയമെന്ന് തോന്നിപ്പിച്ച ജയം സ്വന്തമാക്കുകയായിരുന്നു. അഞ്ചു ഓവറിൽ 62 റൺസ് വേണ്ട ഘട്ടത്തിൽ അത് കേവലം 24 പന്തിൽ അടിച്ചെടുത്താണ് വെയ്ഡും സ്റ്റോയ്നിസും കളി കഴിച്ചത്.
ഓപണർ മുഹമ്മദ് റിസ്വാെൻറയും (52 പന്തിൽ 67) വൺഡൗൺ ബാറ്റർ ഫഖർ സമാെൻറയും (32 പന്തിൽ പുറത്താവാതെ 55) അർധ സെഞ്ച്വറികളാണ് ടൂർണമെൻറിലിതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത പാകിസ്താന് കരുത്തായത്. നായകൻ ബാബർ അസമിെൻറ ഇന്നിങ്സും (39 പന്തിൽ 44) പാക് പടക്ക് ഗുണംചെയ്തു.
മികച്ച തുടക്കത്തിനുശേഷം മധ്യഓവറുകളിൽ ഒന്നുപതറിയെങ്കിലും അവസാന ഓവറുകളിൽ വെടിക്കെട്ടുതിർത്തതാണ് പാകിസ്താൻ സ്കോർ 175 കടത്തിയത്. അവസാന നാലു ഓവറിൽ 54 റൺസ് പിറന്നു.
ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാബർ അസം പതിവുശൈലിയിൽ മനോഹരമായ ഷോട്ടുകളുമായി തുടങ്ങിയപ്പോൾ പനി ഭേദമായി തിരിച്ചെത്തിയ റിസ്വാന് കാര്യമായ ടച്ച് കിട്ടിയില്ല. വിക്കറ്റ് നഷ്ടമായില്ലെങ്കിലും ഇരുവർക്കും സ്കോറിങ് വേഗം ഉയർത്താനാവാതെ വന്നതോടെ പത്ത് ഓവറിൽ 71 റൺസേ പിറന്നുള്ളൂ. 7-11 ഓവറുകളിൽ പിറന്നത് 28 റൺസ് മാത്രം. പത്താം ഓവറിലെ അവസാന പന്തിൽ ബാബർ വീഴുകയും ചെയ്തു.
ആദം സാംപയെ ഉയർത്തിയടിക്കാനുള്ള ശ്രമം എത്തിയത് ലോങ്ഓണിൽ ഡേവിഡ് വാർണറുടെ കൈകളിൽ. മൂന്നാം നമ്പറിലെത്തിയ ഫഖർ സമാൻ തപ്പിത്തടഞ്ഞതോടെ സ്കോറിങ് ചുമതല റിസ്വാൻ ഏറ്റെടുത്തു. സാംപയെയും മിച്ചൽ സ്റ്റാർകിനെയും സിക്സടിച്ച് റിസ്വാൻ സ്കോറിങ് ടെംപോ കൂട്ടാൻ ശ്രമിച്ചെങ്കിലും 16ാം ഓവറിൽ സാംപ അഞ്ചു റൺസ് മാത്രം വഴങ്ങിയതോടെ നാലു ഓവർ ശേഷിക്കെ പാക് സ്കോർ ഒന്നിന് 122.
എന്നാൽ, അടുത്ത ഒാവറിൽ പാകിസ്താൻ ഗിയർ മാറ്റി. റിസ്വാൻ സിക്സും ഫോറും സമാൻ സിക്സുമടിച്ചതോടെ ജോഷ് ഹാസൽവുഡിെൻറ ഓവറിൽ പിറന്നത് 21 റൺസ്. സ്റ്റാർകിെൻറ അടുത്ത ഓവറിൽ റിസ്വാൻ വീണെങ്കിലും സമാെൻറ ബാറ്റിൽനിന്ന് സിക്സും ഫോറും പാഞ്ഞതോടെ 15 റൺസ് കൂടി വന്നു.
ബിഗ് ഹിറ്റർ ആസിഫ് അലിയെ ആദ്യ പന്തിൽ പൂജ്യത്തിന് മടക്കിയ പാറ്റ് കമ്മിൻസ് 19ാം ഓവറിൽ വഴങ്ങിയത് മൂന്നു റൺസ് മാത്രം. അവസാന ഓവറിൽ സ്റ്റാർക് ശുഐബ് മാലികിനെയും (1) മടക്കിയെങ്കിലും സമാൻ രണ്ടു സിക്സുകൾ കൂടി പറത്തിയതോടെ പാക് സ്കോർ 176ലെത്തി. ഓസീസിനായി സ്റ്റാർക് രണ്ടും കമ്മിൻസും സാംപയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.