സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ട്വന്‍റി20 ലോകകപ്പിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകർ നിരാശയിലാണ്. യുവതാരങ്ങൾ കുട്ടിക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനാൽ ട്വന്‍റി20യിൽ സജീവമല്ലാത്ത കോഹ്ലിയെ ടീമിൽനിന്ന് ഒഴിവാക്കൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സി.ഐ) അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്തു. ഐ.പി.എല്ലിലെ പ്രകടനങ്ങൾകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്‍റി20 കളിച്ചത്. മത്സരത്തിൽ 29, 0 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ. എന്നാൽ, ഇടവേളക്കുശേഷം ട്വന്‍റി20 കളിക്കാൻ ഇറങ്ങിയ രോഹിത് ശർമ തകർപ്പൻ സെഞ്ചുറി (121*) നേടി കൈയടി നേടി.
രോഹിത് ട്വന്‍റി20 ടീമിലുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ, കോഹ്ലിയുടെ കാര്യത്തിൽ ആ ഉറപ്പില്ല. കോഹ്ലി ട്വന്‍റി20 ലോകകപ്പ് കളിക്കില്ലെന്ന റിപ്പോർട്ടുകൾ ശരിയാകരുതെന്നാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പറയുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം കോഹ്ലിയാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
‘കേട്ടത് ശരിയാകില്ല. ഒരു ആരാധകനെന്ന നിലയിൽ, അമേരിക്കയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ, ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ, ശ്രദ്ധാകേന്ദ്രം വിരാട് കോഹ്ലിയാണ്. അദ്ദേഹം ടീമിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -ബ്രോഡ് എക്സിൽ കുറിച്ചു. ഐ.പി.എല്ലിലെ പ്രകടനം കൂടി പരിഗണിച്ചാകും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.