ലണ്ടൻ: ആഷസിൽ സ്റ്റുവർട്ട് ബ്രോഡിനു മുന്നിൽ വീഴുകയെന്ന പതിവ് തെറ്റിക്കാതെ വെള്ളിയാഴ്ച ഡേവിഡ് വാർണർ ഒറ്റ റണ്ണെടുത്ത് പിന്നെയും മടങ്ങിയപ്പോൾ അത്ഭുതവും അമ്പരപ്പും ഓസീസ് നിരയിൽ പ്രകടമായിരുന്നു. ഇംഗ്ലീഷുകാരാകട്ടെ, ആഘോഷത്തിലും. ടെസ്റ്റിൽ 17ാം തവണയാണ് വാർണർ ബ്രോഡിന്റെ ഇരയാകുന്നത്. സെക്കൻഡ് സ്ലിപ്പിൽ സാക് ക്രോളിക്ക് വിക്കറ്റ് നൽകിയായിരുന്നു വാർണർ കൂടാരം കയറിയത്. എന്നാൽ, ഇതിന്റെ പേരിൽ ശരിക്കും വടിപിടിച്ചത് സ്റ്റുവർട്ടിന്റെ പിതാവ് ക്രിസ് ബ്രോഡാണ്. ഐ.സി.സി മാച്ച് റഫറിയാണ് ക്രിസ്. അതുമറന്ന് മകൻ വിക്കറ്റെടുത്തപ്പോൾ വാർണറെ ട്രോളി ചെയ്ത ട്വീറ്റ് കടുത്ത വിമർശനം ചോദിച്ചു വാങ്ങുകയായിരുന്നു.
‘‘സ്റ്റുവർട്ട് ബ്രോഡ് വീണ്ടും എന്നെ പുറത്താക്കിയിരിക്കുന്നു’’ എന്ന് വാർണർ സ്വയം ബോർഡിൽ എഴുതുന്നതായാണ് ട്വീറ്റ്. സംഭവം വിവാദമായതോടെ ക്രിസിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിളിച്ച് ശാസിച്ചു. ഔദ്യോഗിക പദവി മറന്നുള്ള അഭ്യാസമായെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലണ്ട് ദേശീയ നിരയിൽ മുമ്പ് 25 ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ച 65 കാരൻ 2003ലാണ് ഐ.സി.സി റഫറിയായത്. അതിനുശേഷം ആസ്ട്രേലിയയുടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഈ ആഷസ് പരമ്പരയിൽ പക്ഷേ, അദ്ദേഹം ഉൾപ്പെട്ടിട്ടില്ല.
ലീഡ്സ്: ജയം എവിടെയും നിൽക്കാവുന്ന ആഷസ് മൂന്നാം ടെസ്റ്റിൽ രസംകൊല്ലിയായി മഴ. ആദ്യ ഇന്നിങ്സിൽ നേരിയ ലീഡ് വഴങ്ങിയ ആതിഥേയർക്ക് ജയ പ്രതീക്ഷ നൽകി ഓസീസ് രണ്ടാം ഇന്നിങ്സിൽ വിയർക്കുന്നതിനിടെയാണ് മഴയെത്തിയത്. ഇടക്കു നിർത്തി വീണ്ടും തുടങ്ങിയ കളിയിൽ കംഗാരുക്കൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഓസീസ് ഒന്നാം ഇന്നിങ്സിൽ 263 റൺസ് എടുത്തപ്പോൾ ഇംഗ്ലണ്ട് 237ന് എല്ലാവരും പുറത്തായി. അടുത്ത ഇന്നിങ്സിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ആസ്ട്രേലിയ അഞ്ചു വിക്കറ്റിന് 131 എന്ന നിലയിലാണ്. ഓസീസ് ഉയർത്തുന്ന വിജയലക്ഷ്യം മറികടന്ന് ഇത്തവണ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.