ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിനിടെ അഫ്ഗാൻ പേസ് ബൗളർ ഫരീദ് അഹ്മദ് മാലികിനെ തല്ലാൻ ബാറ്റോങ്ങിയ പാകിസ്താൻ ബാറ്റ്സ്മാൻ ആസിഫ് അലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. 'തോന്നിവാസത്തിന്റെ അങ്ങേയറ്റമാണിത്. ആസിഫ് അലിയെ ടൂർണമെന്റിലെ ബാക്കിയുള്ള മത്സരങ്ങളിൽനിന്ന് വിലക്കണം. എതിരാളിയെ പുറത്താക്കിയാൽ ആഘോഷിക്കാൻ ഏതു ബൗളർക്കും അവകാശമുണ്ട്. എന്നാൽ, കായികമായി അതിനെ നേരിടുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല'-മുൻ അഫ്ഗാൻ ക്യാപ്റ്റൻ ഗുലാബ്ദിൻ നെയ്ബ് ട്വിറ്ററിൽ കുറിച്ചു.
മാലികിന്റെ ഓവറിൽ ആസിഫ് അലി പന്ത് സിക്സറിന് പറത്തിയിരുന്നു. എന്നാൽ, അടുത്ത പന്തിൽ പുൾഷോട്ടിന് ശ്രമിച്ച പാക് താരത്തിന്റെ കണക്കുകൂട്ടൽ പിഴച്ചപ്പോൾ ഷോർട്ട് ഫൈൻ ലെഗിൽ കരീം ജന്നത് ക്യാച്ചെടുത്തു. ഈ പുറത്താകൽ മാലിക് ആഘോഷിച്ചതാണ് ആസിഫിനെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുന്നതിനിടയിൽ ആസിഫ് ബാറ്റുയർത്തി മാലികിനെ അടിക്കാൻ ഓങ്ങുകയായിരുന്നു. അഫ്ഗാൻ താരത്തെ തള്ളിമാറ്റുകയും ചെയ്തു. സഹതാരങ്ങളും അമ്പയർമാരുമെത്തിയാണ് രംഗം ശാന്തമാക്കിയത്.
മത്സരശേഷം സാമൂഹിക മാധ്യമങ്ങളിൽ ആസിഫിന്റെ നടപടിക്കെതിരെ ക്രിക്കറ്റ് പ്രേമികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആസിഫിനെ അടുത്ത മത്സരങ്ങളിൽ വിലക്കണമെന്നാണ് മിക്കവരുടേയും ആവശ്യം.
എന്നാൽ, പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് മാലിക്കാണെന്ന് ചൂണ്ടിക്കാട്ടി പാക് കാണികളും രംഗത്തുവന്നു. ഏകപക്ഷീയമായാണ് എല്ലാവരും സംഭവത്തെ നോക്കിക്കാണുന്നതെന്ന് മുൻ പാക് താരം ശുഐബ് അക്തർ പറഞ്ഞു. മാലികാണ് വാക്കുതർക്കത്തിന് തുടക്കമിട്ടതെന്ന രീതിയിലായിരുന്നു ട്വിറ്ററിൽ അക്തറിന്റെ വ്യാഖ്യാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.