മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രമല്ല കമന്റററി ബോക്സിലും ആളുകളെ രസിപ്പിക്കുന്ന പാരമ്പര്യമാണ് ഇതിഹാസ താരം സുനിൽ ഗാവസ്കറിന് അവകാശപ്പെടാനുള്ളത്. കമന്ററിക്കിടെ തമാശകൾ പറഞ്ഞും നുറുങ്ങ് അറിവുകൾ പകർന്നും ഗാവസ്കർ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ലഖ്നോ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ഗാവസ്കർ നടത്തിയ പരാമർശമാണ് ഇപ്പോൾ വൈറലാകുന്നത്.
മത്സരത്തിനിടെയുള്ള ഇടവേളയിൽ മുംബൈ മറൈൻഡ്രൈവിന്റെ സൗന്ദര്യം ടെലിവിഷൻ സ്ക്രീനിൽ കാണിക്കുകയായിരുന്നു. മറൈൻ ഡ്രൈവിനെ എന്തുകൊണ്ടാണ് ക്വീൻസ് നെക്ലേസ് എന്ന് വിളിക്കുന്നതെന്ന് വിവരിക്കുകയായിരുന്നു ബ്രിട്ടീഷ് കമന്റേറ്ററായ അലൻ വിൽകിൻസ്. ആ സമയത്തായിരുന്നു ഗാവസ്കറിന്റെ പരാമർശം. 'ഞങ്ങൾ ഇപ്പോഴും കോഹിനൂർ രത്നത്തിനായി കാത്തിരിക്കുകയാണ്'-ഗാവസ്കർ പറഞ്ഞു.
തൊട്ടുപിന്നാലെ ഇരുവരും പൊട്ടിച്ചിരിച്ചു. ബ്രിട്ടീഷ് സർക്കാറിൽ വല്ല സ്വാധീനവും ഉണ്ടെങ്കിൽ വിലമതിക്കാനാവാത്ത രത്നം തിരികെ നൽകാൻ ആവശ്യപ്പെടണമെന്നും ഗാവസ്കർ പറഞ്ഞു. ഗാവസ്കറിന്റെ കമന്റ് ഏതായാലും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.