കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കൂടി നിറം മങ്ങിയതോടെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം പരുങ്ങലിലായിരുന്നു. ഇന്ത്യ 3-0ത്തിന് തോറ്റ പരമ്പരയിൽ ഭുവിക്ക് ഒരുവിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചില്ലെന്ന് മാത്രമല്ല നന്നായി റൺസ് വഴങ്ങുകയും ചെയ്തു.
ഇതോടെ കേപ്ടൗണിൽ നടന്ന മൂന്നാം മത്സരത്തിൽ താരത്തെ ടീം മാനേജ്മെന്റ് പുറത്തിരുത്തി. ഈ സാഹചര്യത്തിൽ ഭുവിക്ക് ഒത്ത പകരക്കാരനെ നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. മൂന്നാം ഏകദിനത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ദീപക് ചഹറിന് വൈറ്റ്ബാൾ ക്രിക്കറ്റിൽ ഭുവിയുടെ സ്ഥാനം ഏൽപിക്കാമെന്നാണ് ലിറ്റിൽ മാസ്റ്റർ പറയുന്നത്. ചഹറിനെ ടീമിലെടുത്താൽ വാലറ്റത്ത് ഇന്ത്യയുടെ ബാറ്റിങ് കരുത്തും വർധിപ്പിക്കാമെന്ന് അദ്ദേഹം നിർദേശിക്കുന്നു.
'ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച സേവകനാണ് ഭുവി. പക്ഷേ, കഴിഞ്ഞ ഒരു വർഷമായി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പോലും അവൻ നന്നായി അടിവാങ്ങുന്നു. മിന്നുന്ന യോർക്കറുകളും സ്ലോ ഡെലിവറികളും അദ്ദേഹം എറിയുമായിരുന്നു. പക്ഷേ എതിരാളികൾ നിങ്ങളെ എല്ലായ്‌പ്പോഴും പഠിക്കുന്നതിനാൽ അവ ഇപ്പോൾ ഫലിക്കുന്നില്ല. അതിനെ എങ്ങനെ നേരിടണമെന്ന് അവർക്കറിയാം. അതിനാൽ മറ്റാരെയെങ്കിലും നോക്കേണ്ട സമയമാണിത്'-സ്പോർട്സ് ടുഡേ നടത്തിയ ഒരു ചർച്ചയിൽ ഗാവസ്കർ പറഞ്ഞു.
'ഇനി ദീപക് ചഹറിനെ കുറിച്ച് ചിന്തിക്കാമെന്ന് തോന്നുന്നു. ഇരവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാൻ കഴിയുന്ന ബൗളറാണവൻ. വാലറ്റത്ത് നന്നായി ബാറ്റുചെയ്യുകയും ചെയ്യും'- ഗാവസ്കർ കൂട്ടിച്ചേർത്തു. ന്യൂബോളിൽ രണ്ടുവിക്കറ്റ് വീഴ്ത്തിയ ചഹർ 34പന്തിൽ 54 റൺസ് അടിച്ച് ഇന്ത്യയെ മൂന്നാം ഏകദിനത്തിൽ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തിൽ വെറും നാലുറൺസിനാണ് ഇന്ത്യ തോറ്റത്. അവസാന മൂന്നോവറിൽ മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കേ ഇന്ത്യക്ക് ജയിക്കാൻ 10 റൺസ് മതിയായിരുന്നു. 48ാം ഓവറിന്റെ അവസാന പന്തിൽ ചഹർ പുറത്തായതാണ് ഇന്ത്യക്ക് വിനയായത്. അഞ്ച് വിക്കറ്റ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യക്ക് രണ്ടുവിക്കറ്റ് കൂടി നഷ്ടമായി. ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.