കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി വിക്കറ്റുകളുടെ എണ്ണത്തിൽ ഡബിൾ സെഞ്ച്വറിയടിച്ച് കൊൽക്കത്തയുടെ സൂപ്പർതാരം സുനിൽ നരെയ്ൻ. സൺ റൈസേഴ്സ് ഹൈദരബാദിനെതിരെ നേടിയ ഏക വിക്കറ്റാണ് നരെയ്നെ ഈ നേട്ടത്തിലെത്തിച്ചത്. കൊൽക്കത്തക്ക് വേണ്ടി ഐ.പി.എല്ലിൽ 182 വിക്കറ്റും ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ 18 വിക്കറ്റുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
എസ്.ആർ.എച്ചിന്‍റെ ശ്രീലങ്കൻ ഓൾറൗണ്ടർ കാമിന്ദു മെൻഡിസിനെ പുറത്താക്കിയാണ് താരം ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ നാല് ഓവറിൽ നിന്നും 30 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് നരെയ്ൻ നേടിയത്.
അതേസമയം മത്സരത്തിൽ വമ്പൻ ജയമാണ് കെ.കെ.ആർ നേടിയത്. കൊൽക്കത്ത ഉയർത്തിയ 200 റൺസ് പിന്തുടർന്ന ഹൈദരാബാദ് വെറും 120 റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളൂ. 33 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 27 കാമിന്ദു മെൻഡിസുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. കൊൽക്കത്തക്ക് വേണ്ടി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അറോറയാണ് കളിയിലെ താരം.
ട്രാവിസ് ഹെഡ് (4) അഭിഷേക് ശർമ (2), ഇഷാൻ കിഷൻ (2) തുടങ്ങിയ മുൻനിര താരങ്ങൾ നിലയുറപ്പിക്കും മുൻപെ മടങ്ങി. നിതീഷ് കുമാർ റെഡിയും (19) നായകൻ പാറ്റ് കമിൻസുമാണ് (14) രണ്ടക്കം കടന്ന മറ്റുബാറ്റർമാർ. നേരത്തെ, വെങ്കിടേഷ് അയ്യരുടെയും (29 പന്തിൽ 60) ആൻഗ്ക്രിഷ് രഘുവംഷിയുടേയും (32 പന്തിൽ 50) അർധശതകങ്ങളാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ 27 പന്തിൽ 38 റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.