നാടകീയതകൾക്കൊടുവിൽ സൂപ്പർ ഓവർ ത്രില്ലർ; നെതർലാൻഡ്സിനോടും തോറ്റ് വെസ്റ്റിൻഡീസ്

ഹരാരെ: ഐ.സി.സി ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ നെതർലാൻഡ്സിനോട് സൂപ്പർ ഓവറിൽ 22 ​റൺസിന് തോറ്റ് വെസ്റ്റിൻഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് നേടിയപ്പോൾ നെതർലാൻഡ്സും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോറിലെത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നെതർലാൻഡ്സിനായി ക്രീസിലെത്തിയത് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സും ലോഗൻ വാൻ ബീക്കും. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ​പന്തെറിയാൻ ഏൽപിച്ചത് പരിചയ സമ്പന്നനായ ജേസൻ ഹോൾഡറെ. എന്നാൽ, ഹോൾഡറുടെ മുഴുവൻ പന്തും അതിർത്തി കടത്തി വാൻ ബീക് അടിച്ചെടുത്തത് 30 റൺസ്. ഫുൾടോസ് പന്തിൽ ഫോറടിച്ച് തുടങ്ങിയ വാൻ ബീക് രണ്ടാം പന്തും ഫുൾടോസായി എത്തിയപ്പോൾ സിക്സറിലേക്ക് പറത്തി. മൂന്നാം പന്തിൽ നാല് റൺസടിച്ച ബീക് നാലും അഞ്ചും പന്ത് നിലം തൊടാതെ അതിർത്തി കടത്തി. ആറാം പന്തിലും ഫോറടിച്ചതോടെ വെസ്റ്റിൻഡീസിന് വിജയലക്ഷ്യം ഒരോവറിൽ 31 റൺസ്. നിർണായക ഓവറിൽ പന്തെറിയാനും ക്യാപ്റ്റൻ ഏൽപിച്ചത് വാൻ ബീകിനെ. ആദ്യ പന്ത് സിക്സറടിച്ച ചാൾസിന് രണ്ടാം പന്തിൽ ഒറ്റ റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മൂന്നാം പന്തിൽ ഷായ് ഹോപിന്റെ സംഭാവനയും ഒരു റൺസിലൊതുങ്ങിയതോടെ നെതർലാൻഡ്സ് വിജയം ഉറപ്പിച്ചു. അടുത്തടുത്ത പന്തുകളിൽ ചാൾസിനെയും ഷെഫേഡിനെയും മടക്കിയ വാൻ ബീക് നെതർലാൻഡ്സിന്റെ വിജയനായകനായി.

ടോസ് നേടിയ നെതർലാൻഡ്സ് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 65 പന്തിൽ പുറത്താകാതെ 104 റൺസ് നേടിയ നിക്കൊളാസ് പൂരാനും അർധ സെഞ്ച്വറികൾ നേടിയ ഓപണർമാരായ ബ്രൻഡൻ കിങ്ങും (81 പന്തിൽ 76), ജോൺസൺ ചാൾസും (55 പന്തിൽ 54) ചേർന്നാണ് വെസ്റ്റിൻഡീസ് സ്കോർ 374ൽ എത്തിച്ചത്. ക്യാപ്റ്റൻ ഷായ് ഹോപ് 38 പന്തിൽ 47 റൺസ് അടിച്ചപ്പോൾ കീമോ പോൾ 25 പന്തിൽ പുറത്താകാതെ 46 റൺസ് നേടി സ്കോറിങ് വേഗത്തിലാക്കി. നെതർലാൻഡ്സിനായി ബാസ് ഡി ലീഡെ, സാബിക് സുൽഫീകർ എന്നിവർ രണ്ട് ​വിക്കറ്റ് വീതം നേടിയപ്പോൾ ലോഗൻ വാൻബീക്, വിവിയൻ കിങ്മ എന്നിവർ ഓരോ വിക്കറ്റ് നേടി.

എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സ് അതേ രീതിയിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്. 76 പന്തിൽ 111 റൺസ് നേടി തേജ നിടമാനുരുവും 47 പന്തിൽ 67 റൺസ് നേടി ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സും തകർത്തടിച്ചപ്പോൾ ഓപണർമാരായ വിക്രംജിത്ത് സിങ് 37ഉം മാക്സ് ദൗഡ് 36ഉം റൺസെടുത്തു. 14 പന്തിൽ 28 റൺസെടുത്ത ലോഗൻ വാൻ ബീക് അവസാന പന്തിൽ പുറത്തായതോടെ മത്സരം നാടകീയ സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്നാണ് ഫലം നിർണയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നത്. വെസ്റ്റിൻഡീസിനായി റോസ്റ്റൻ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അൽസാരി ജോസഫ്, അകീൽ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കഴിഞ്ഞ മത്സരത്തിൽ സിംബാബ്​‍വെയോട് 35 റൺസിനും വെസ്റ്റിൻഡീസ് തോൽവിയറിഞ്ഞിരുന്നു. 

Tags:    
News Summary - Super over thriller after dramatics; West Indies lose to Netherlands too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.