പാർട്ടി നടത്തുന്ന ടീമുകൾ ഐ.പി.എൽ കിരീടം നേടിയിട്ടില്ല! ബംഗളൂരു, ഡൽഹി, പഞ്ചാബ് ടീമുകളെ പരിഹസിച്ച് റെയ്ന

മുംബൈ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കളിച്ചിരുന്നു മുൻ ഇന്ത്യൻ ബാറ്റർ സുരേഷ് റെയ്ന. തന്‍റെ ഐ.പി.എൽ കരിയറിലെ ഭൂരിഭാഗവും താരം ചെന്നൈക്കൊപ്പമായിരുന്നു.

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീട നേടിയ രണ്ടു ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈയും. അഞ്ചു തവണ ഇരുടീമുകളും ചാമ്പ്യന്മാരായിട്ടുണ്ട്. ചെന്നൈ ടീം പിന്തുടർന്നുപോരുന്ന സംസ്കാരമാണ് ടീമിന്‍റെ സ്ഥിരതയാർന്ന പ്രകടനത്തിനു പിന്നിലെന്നും പൊതുവെ പറയാറുണ്ട്. ഏറെ വൈകി പാർട്ടിയിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ടീമിനായി താരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇതെന്ന് മാനേജ്മെന്‍റ് പറയുന്നു.

ഐ.പി.എല്ലിലെ ചെന്നൈയുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാൽ അത് ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയേണ്ടിവരും. അർധ രാത്രി നടത്തുന്ന പാർട്ടികൾ ശരിയല്ലെന്ന നിലപാടാണ് റെയ്നക്കും. പാർട്ടി നടത്തുന്ന ടീമുകൾക്കൊന്നും ഇതുവരെ കിരീടം നേടാനായിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ റെയ്ന പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ് ടീമുകളെയാണ് താരം ലക്ഷ്യമിട്ടതെന്ന് ഏവർക്കും അറിയാം. ഐ.പി.എല്ലിൽ ഇതുവരെ കിരീടം നേടാത്ത മൂന്നു ടീമുകളാണിത്.

‘ചെന്നൈ പാർട്ടി നടത്താറില്ല. അതുകൊണ്ടാണ് അവർ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായത്. പാർട്ടി നടത്തുന്ന 2-3 ടീമുകൾക്ക് ഇതുവരെ ഐ.പി.എൽ കിരീടം നേടാനായിട്ടില്ല’ -റെയ്ന പറഞ്ഞു. ഇതിനിടെ അവതാരകൻ ചിരിച്ചുകൊണ്ട് ബംഗളൂരുവിനെയാണോ ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നുണ്ട്. അല്ല, വിജയിക്കാത്ത കുറച്ച് ടീമുകളുണ്ട്, അവർ പാർട്ടി നടത്താറുണ്ടെന്നായിരുന്നു റെയ്നയുടെ മറുപടി. ചെന്നൈ പാർട്ടി നടത്താറില്ല, അതുകൊണ്ട് ടീമിന് അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളുമുണ്ട്. മുംബൈയും അഞ്ചു തവണ ജേതാക്കളായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അർധ രാത്രിയിൽ പാർട്ടി നടത്തുന്ന ഫ്രാഞ്ചൈസികളെ റെയ്ന വിമർശിച്ചു. ഇത്തരം ശീലങ്ങളുള്ള ടീമിന് എങ്ങനെ ജയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഐ.പി.എൽ നടപ്പു സീസണിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള മൂന്നു ടീമുകളാണ് ബംഗളൂരുവും പഞ്ചാബും ഡൽഹിയും. കൊൽക്കത്തക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ ഒരു റണ്ണിനാണ് ബംഗളൂരു പൊരുതിതോറ്റത്. സീസണിലെ ടീമിന്‍റെ ഏഴാം തോൽവിയാണിത്.

Tags:    
News Summary - Suresh Raina's Subtle Dig At RCB, DC, PBKS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.