ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര വ്യാഴാഴ്ച ആരംഭിക്കും. മലയാളിതാരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ വർഷാവസാനം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത് എന്നത് കൊണ്ട് സഞ്ജുവിന് ഇത് നിർണായ പരമ്പര തന്നെയാണ്.
ശ്രേയസ് അയ്യരും കെ.എൽ രാഹുലും പരിക്കിനെ തുടർന്ന് പുറത്തായതോടെ സൂര്യകുമാർ യാദവും സഞ്ജു സാംസണും ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിൽ ഇടം നേടാനായി കടുത്ത മത്സരത്തിലാണ്. മധ്യനിരയിൽ ഇഷാൻ കിഷനും റുതുരാജ് ഗെയ്‌ക്‌വാദും സ്ഥാനമുറപ്പിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. സൂര്യകുമാറിനും സഞ്ജുവിനും ഒരുമിച്ച് ടീമിലിടം കണ്ടെത്താൻ പ്രയാസമായിരിക്കും.
സഞ്ജു സാംസൺ vs സൂര്യകുമാർ യാദവ്
കെ.എൽ രാഹുൽ പരിക്കേറ്റ് പുറത്തായപ്പോൾ മധ്യനിരയിൽ കളിച്ച സഞ്ജു സാംസൺ അവിശ്വസനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 11 മത്സരങ്ങളിൽ നിന്ന് 66 ശരാശരിയോടെ 330 റൺസ് നേടിയ സഞ്ജു ദക്ഷിണാഫ്രിക്കക്കും വെസ്റ്റിൻഡീസിനുമെതിരെ രണ്ട് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
സൂര്യകുമാർ യാദവ് ഇന്ത്യക്കായി 23 ഏകദിനങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും 24.05 ശരാശരിയിൽ 433 റൺസ് മാത്രമാണ് നേടിയത്. മൂന്ന് തവണയും ഗോൾഡൻ ഡക്കിൽ പുറത്തായതിനാൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു റൺസ് പോലും നേടാനായിരുന്നില്ല.
എന്നാൽ, ട്വന്റി 20 യിൽ സൂര്യകുമാർ യാദവ് തുടരുന്ന ഗംഭീര പ്രകടനം താരത്തിന് അനുകൂലമായേക്കും. ആസ്ട്രേലിയക്കെതിരായ മത്സരത്തിലെ ക്ഷീണം ഐ.പി.എല്ലിൽ തീർത്താണ് സൂര്യകുമാർ മടങ്ങിയെത്തിയത്. അഞ്ച് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും സഹിതം 181.14 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 43.21 എന്ന ശരാശരിയിൽ 605 റൺസാണ് നേടിയത്.
എന്നാൽ, സഞ്ജുവിന് ഐ.പി.എൽ നിരാശയാണ് സമ്മാനിച്ചത്. ട്വൻറി 20 ട്രാക്ക് റെക്കോർഡ് സൂര്യകുമാറിന് അനുകൂലമാണെങ്കിലും ഏകദിനത്തിൽ സഞ്ജുവിനാണ് മേൽകൈ. സമീപകാലത്തെ മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് എന്നത് കൊണ്ട് രണ്ടു പേരുകളും തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.