ട്വന്‍റി20യിൽ 10 റൺസിന് പുറത്ത്; രണ്ടു പന്തിൽ ജയം സ്വന്തമാക്കി എതിർ ടീം

ട്വന്റി20 ക്രിക്കറ്റിൽ 10 റൺസിന് ഒരു ടീം പുറത്താകുക, ആദ്യ രണ്ടു പന്തിൽതന്നെ എതിർ ടീം ജയം സ്വന്തമാക്കുക. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. സ്പെയിനിലെ കാർട്ടജീനയിൽ സ്പെയിനെതിരെ നടന്ന അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിൽ ഐൽ ഓഫ് മാൻ ടീമാണ് 10 റൺസിന് പുറത്തായത്. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

8.4 ഓവർ ബാറ്റ് ചെയ്താണ് ഐൽ ഓഫ് മാൻ 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്കോറർ. ഏഴുപേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ രണ്ട് റൺസെടുത്ത് പുറത്തായി. നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കമ്രാനും ആറ് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അത്തീഫ് മുഹമ്മദുമാണ് എതിരാളികളെ തരിപ്പണമാക്കിയത്. കമ്രാൻ മൂന്നാമത്തെ ഓവറിൽ ഹാട്രിക് നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ടു പന്തും സിക്സ് പറത്തി അവൈസ് അഹ്മദ് സ്പെയിനെ ലക്ഷ്യത്തിലെത്തിച്ചു. അന്താരാഷ്ട്ര മത്സരത്തിൽ രണ്ടു പന്തിൽ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ സ്പെയിൻ സ്വന്തമാക്കി. ടോസ് നേടിയ സ്പെയിന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആസ്ട്രേലിയൻ ബി​ഗ്ബാഷിൽ കഴിഞ്ഞവർഷം സിഡ്‌നി തണ്ടര്‍ ടീം 15 റണ്ണിന് പുറത്തായതായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ.

ഐൽ ഓഫ് മാൻ 2016, 2018 വർഷങ്ങളിൽ ട്വന്‍റി20 ലോകകപ്പ് യോഗ്യതക്കായി മത്സരിച്ച ടീമാണ്. 2017ലാണ് അവർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അംഗമാകുന്നത്.

Tags:    
News Summary - T20 history made! This team gets all out for just 10 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.