ദുബൈ: ട്വൻറി 20 ലോകകപ്പിനിടെ കോവിഡ് പോസിറ്റീവാകുന്ന താരങ്ങളും ജീവനക്കാരും പത്ത് ദിവസം ഐസൊലേഷൻ ഏർപെടുത്തുമെന്ന് ഐ.സി.സി ബയോസേഫ്റ്റി ഹെഡ് അലക്സ് മാർഷൽ. ലക്ഷണമില്ലെങ്കിലും ഇവർ ക്വാറൻറീനിൽ കഴിയണം. ഇവരുമായി അടുത്ത് ഇടപഴകിയവർക്ക് ആറ് ദിവസമാണ് ക്വാറൻറീൻ. പോസിറ്റീവായ ആളുമായി 48 മണിക്കൂറിനിടെ മാസ്ക് ധരിക്കാതെ 15 മിനിറ്റെങ്കിലും ഇടപഴകിയവരെയാണ് ക്ലോസ് കോൺടാക്ട് എന്ന ഗണത്തിൽ ഉൾപെടുത്തുക.
മാസ്ക് ധിരിച്ചവരാണെങ്കിൽ 24 മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം. പോസീറ്റീവായ താരമുള്ള ടീമുമായി എതിർ ടീം കളിക്കാൻ വിസമ്മതിച്ചാൽ തീരുമാനം എടുക്കുക ബയോ സേഫ്റ്റി സൈൻറിഫിക് അഡ്വൈസറി ഗ്രൂപ്പായിരിക്കും.
തുറന്നവേദിയിലെ മത്സരം വഴി കോവിഡ് പടരില്ലെന്നാണ് വിലയിരുത്തൽ. ഒളിമ്പിക്സിലും മറ്റും ഇത് കണ്ടതാണ്. എങ്കിലും, എതിർടീമിെൻറ ആശങ്കകൾ പരിഹരിക്കാൻ അഡ്വൈസറി ബോർഡിന് ബാധ്യതയുണ്ടായിരിക്കും. ബയോബബ്ൾ നിബന്ധനകൾ ലംഘിക്കുന്ന താരങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരം നിയമലംഘനങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
താരങ്ങൾക്ക് നിശ്ചിത എണ്ണം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാം. അവരും ബയോബബ്ൾ പ്രോട്ടോക്കോൾ പാലിക്കണം. കാണികൾ യു.എ.ഇ, ഒമാൻ ഗവൺമെൻറുകളുടെ കോവിഡ് പ്രോട്ടോകോളാണ് പാലിക്കേണ്ടത്. അബൂദബിയിലും ഒമാനിലും വാക്സിനേഷൻ നിർബന്ധമാണ്. ദുബൈയിലും ഷാർജയിലും നിർബന്ധമാക്കിയിട്ടില്ല. കാണികൾ മാസ്ക് ധരിക്കണം. കാണികളും താരങ്ങളും ഇടപഴകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.