കരീബിയയിലെ തോൽവിക്ക് കരീബിയയിൽ കണക്കുതീർത്ത് ദ്രാവിഡ്; അഭിനന്ദനവുമായി സചിനും

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എപ്പോഴും മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റാണ് 2007ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്. 2003ലെ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യക്ക് 2007ലേക്ക് എത്തിയപ്പോൾ കിരീടത്തിൽ കുറഞ്ഞ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

രാഹുൽ ദ്രാവിഡെന്ന നായകന് കീഴിൽ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പക്ഷേ കാലിടറി. ആദ്യ റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. ആദ്യ കളിയിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ വമ്പൻ മാർജിനിൽ നമീബിയയെ തോൽപ്പിച്ചുവെങ്കിലും മൂന്നാമത്തെ കളിയിൽ ശ്രീലങ്കയോട് തോറ്റ് പുറത്താവുകയായിരുന്നു. അന്ന് വിഷമത്തോടെയാണ് കരീബിയൻ മണ്ണിൽ നിന്നും ദ്രാവിഡ് ഇന്ത്യയിലേക്ക് വിമാനം കയറിയത്.

എന്നാൽ, ഒരിക്കൽ കൂടി കരീബിയൻ മണ്ണിലേക്ക് ലോകകപ്പ് എത്തിയപ്പോൾ പരിശീലകനായി ടീമിന് തന്ത്രങ്ങൾ ഉപദേശിക്കാനായിരുന്നു നിയോഗം. ഒടുവിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തുമ്പോൾ തലകുനിച്ച് മടങ്ങേണ്ടി വന്ന മണ്ണിൽ നിന്നും തലയുയർത്തിയാണ് ദ്രാവിഡിന്റെ തിരിച്ചുവരവ്. കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള അഭിനന്ദന സന്ദേശത്തിൽ ഇതിഹാസ താരം സചിൻ ഓർമിച്ചെടുത്തതും ഈ കണക്കുതീർക്കലായിരുന്നു.

വെസ്റ്റിൻഡീസിലെ ഇന്ത്യ ക്രിക്കറ്റിന്റെ ജീവിതചക്രം പൂർണതയിലെത്തിയെന്ന് സചിൻ എക്സിൽ കുറിച്ചു. 2007ലെ മോശം പ്രകടനത്തിൽ നിന്നും 2024ൽ ട്വന്റി 20 ലോകകപ്പ് നേടി ഏറ്റവും മികച്ച ടീമായാണ് ഇന്ത്യ മടങ്ങുന്നത്. 2011ലെ ലോകകപ്പിൽ കളിക്കാൻ സാധിക്കാതിരുന്ന രാഹുൽദ്രാവിഡിന് ലഭിച്ച ഈ നേട്ടത്തിൽ താൻ സന്തോഷിക്കുകയാണ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ദ്രാവിഡിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും സചിൻ പറഞ്ഞു.

അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.

ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.

Tags:    
News Summary - T20 World Cup: Sachin Tendulkar 'so happy' for Rahul Dravid after Caribbean redemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.