പന്തും പാണ്ഡ്യയും നയിച്ചു; ഇന്ത്യക്ക് പരമ്പര

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ ഏകദിന പരമ്പര 2-1ന് നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ കുറിച്ച 260 റൺസ് ലക്ഷ്യം സന്ദർശകർ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261ലെത്തി മറികടന്നു.

ഋഷഭ് പന്തിന്റെ (പുറത്താവാതെ 113 പന്തിൽ 125) സെഞ്ച്വറിയും ഹർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് പ്രകടനവുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. പാണ്ഡ്യ 55 പന്തിൽ 71 റൺസും ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ 45.5 ഓവറിൽ 259ന് ഓൾഔട്ടാക്കി. യുസ് വേന്ദ്ര ചാഹൽ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റും വീഴ്ത്തി. രോഹിത് ശർമ (17), ശിഖർ ധവാൻ (1), വിരാട് കോഹ്‍ലി (17), സൂര്യകുമാർ യാദവ് (16), രവീന്ദ്ര ജദേജ (7*) എന്നിങ്ങനെയാണ് ബാറ്റർമാരുടെ സംഭാവന.

ധവാനെ റീസ് ടോപ് ലി ജേസൻ റോയിയുടെ കൈകളിലേക്കയക്കുമ്പോൾ സ്കോർ ബോർഡിൽ 13 റൺസ്. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ രോഹിത്തിനെയും ടോപ് ലി മടക്കി. ഇക്കുറി ജോ റൂട്ടിനായിരുന്നു ക്യാച്ച്. രണ്ടു വിക്കറ്റിന് 21 റൺസെന്ന നിലയിലായ ടീമിനുവേണ്ടി വിരാട് കോഹ്‍ലിയും ഋഷഭ് പന്തും രക്ഷാപ്രവർത്തനം തുടങ്ങി. ഒമ്പതാം ഓവറിൽ ടീം സ്കോർ 38ൽ കോഹ്‍ലിയെ (22 പന്തിൽ 17) ടോപ് ലിയുടെ തന്നെ പന്തിൽ വിക്കറ്റിന് പിറകിൽ ജോസ് ബട്‍ലർ ക്യാച്ചെടുത്തു. സൂര്യകുമാർ യാദവിനെ (28 പന്തിൽ 16) ക്രെയ്ഗ് ഒവർട്ടനും ബട്‍ലറെ ഏൽപിച്ചു.

നാലിന് 72ലാണ് പന്തും പാണ്ഡ്യയും ഒരുമിച്ചത്. ഇരുവരും അർധശതകം നേടി മുന്നേറവേ പാണ്ഡ്യയെ ബ്രൈഡൻ കാർസെയുടെ ഓവറിൽ ബെൻ സ്റ്റോക്സ് ക്യാച്ചെടുക്കുകയായിരുന്നു. 35.3 ഓവറിൽ 205 റൺസിലെത്തിയിരുന്നു അപ്പോൾ ഇന്ത്യ. ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് (60) ഇംഗ്ലീഷ് ടോപ് സ്കോറർ. ടോപ് ലി മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാമത്തേതിൽ വൻ തോൽവി ഏറ്റുവാങ്ങിയിരുന്നു.

Tags:    
News Summary - ​Target 260; Downfall for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.