മുംബൈ: 2028 വരെ ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസർ പദവി സ്വന്തമാക്കി ടാറ്റ ഗ്രൂപ്. സീസൺ തോറും 500 കോടി രൂപയാണ് ടാറ്റ സ്പോൺസർഷിപ് ഇനത്തിൽ നൽകുക. 2028 വരെയുള്ള മുഖ്യ സ്പോൺസർഷിപ്പിനായി 2500 കോടിയാണ് ടാറ്റ ഓഫർ ചെയ്തത്. ആദിത്യ ബിർള ഗ്രൂപ്പും 2500 കോടി ഓഫർ ചെയ്തിരുന്നു. ഇതുവരെയുള്ള സ്പോൺസർമാർ തുല്യ തുക നൽകാൻ തയാറായാൽ അവർക്ക് നിലനിർത്താമെന്ന് നേരത്തേ കരാറിന്റെ ഭാഗമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്തി ടാറ്റ അത്രയും തുക നൽകാമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് സ്പോൺസർഷിപ് നിലനിർത്തിയത്.
2022 മുതൽ ഐ.പി.എൽ സ്പോൺസർമാരാണ് ടാറ്റ. ചൈനീസ് കമ്പനി വിവോയിൽനിന്നാണ് ടാറ്റ ഏറ്റെടുത്തിരുന്നത്. 2018 മുതൽ വിവോയായിരുന്നു ഐ.പി.എൽ സ്പോൺസർ. 2199 കോടി രൂപക്കാണ് സ്പോൺസർഷിപ് വിവോ നേടിയിരുന്നത്. ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ സ്പോൺസർഷിപ്പിൽനിന്ന് പിന്മാറാൻ വിവോ നിർബന്ധിതരായി. ഇതോടെ, പകുതി തുകക്ക് ഡ്രീം ഇലവൻ എന്ന കമ്പനിക്ക് നൽകി. പിന്നീടാണ് ടാറ്റയിലെത്തിയത്. രണ്ടു വർഷത്തേക്ക് 670 കോടിക്കായിരുന്നു കരാർ. ഇത്തവണ അതാണ് റെക്കോഡ് തുകയായി ഉയർന്നത്. ഇന്ത്യയുമായി സൗഹൃദബന്ധം നിലനിർത്താത്ത രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ സ്പോൺസർമാരായി എത്തുന്നതിനടക്കം പുതിയ സീസണിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ബിർളയും ടാറ്റയും മാത്രമായി. മുഖ്യ സ്പോൺസർഷിപ്പിനുപുറമെ മറ്റു ഉപസ്പോൺസർഷിപ്പും കൈമാറാനുണ്ട്. കഴിഞ്ഞ വർഷം സ്പോൺസർഷിപ് ഇനത്തിൽ ബി.സി.സി.ഐ 1000 കോടി രൂപ നേടിയിരുന്നു.
ഐ.പി.എല്ലിന്റെ 17ാം സീസൺ വരുന്ന മാർച്ചിൽ തുടങ്ങുമെന്നാണ് കണക്കാക്കുന്നത്. എം.എസ്. ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സാണ് 2023ലെ ചാമ്പ്യന്മാർ. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.