ദുബൈ: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഐതിഹാസികമായ വിജയത്തിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നേട്ടം. മുൻനിര ബാറ്റ്്സ്മാനായ ചേതേശ്വർ പുജാര (760) ഒരു പടി കയറി ആറാമതെത്തിയപ്പോൾ ആസ്േട്രലിയയിൽ ടീമിനെ വിജത്തിലെത്തിച്ച നായകൻ അജിൻക്യ രഹാനെ (748) എട്ടാം സ്ഥാനത്തുമെത്തി.
നാലാം സ്ഥാനത്തുള്ള നായകൻ വിരാട് കോഹ്ലിയാണ് (862) ടോപ് ടെന്നിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ. ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസൺ (919), ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878) എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകളിൽ.
രോഹിത് ശർമ 18ാം റാങ്കും ഋഷഭ് പന്ത് 13ാം റാങ്കും നിലനിർത്തി. ബൗളർമാരിൽ സീനിയർ സ്പിന്നർ ആർ. അശ്വിൻ (760) എട്ടാം സ്ഥാനവും ജസപ്രീത് ബൂംറ (757) ഒമ്പതാം സ്ഥാനവും നിലനിർത്തി. പാറ്റ് കമ്മിൻസ് (ആസ്ട്രേലിയ -908), സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട് -839), നീൽ വാഗ്നർ (ന്യൂസിലൻഡ് -835) എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാർ.
ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ നിശ്ചയിച്ച ഗാബ ടെസ്റ്റിൽ ഒരു പോരാളിയെ പോലെ ബാറ്റുവീശിയ പുജാര ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു. മുട്ടിക്കളിയിലൂടെ വിമർശനങ്ങൾ നേരിട്ടെങ്കിലും ഓസീസ് ബൗളർമാരുടെ തീതുപ്പുന്ന പന്തുകൾ ഏറ്റുവാങ്ങി പരിക്കുകളോടെ ടീമിന്‍റെ വിക്കറ്റ് കാത്ത് ഒടുക്കം ക്രീസ് വിട്ട പുജാരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ആദ്യ ടെസ്റ്റിൽ 36 റൺസിന് പുറത്തായ ഇന്ത്യൻ ടീം തിരിച്ചുവന്ന രണ്ടാം ടെസ്റ്റിൽ സെഞ്ച്വറിയടിച്ചാണ് രഹാനെ കരുത്തുകാട്ടിയത്. നാലാം ടെസ്റ്റിൽ ഏകദിന ശൈലിയിൽ 24 റൺസ് സംഭാവന ചെയ്താണ് രഹാനെ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.