നാഗ്പുർ: ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് ചരിത്രപ്രാധാന്യമുള്ള ആഷസ് നേടുന്നതിനേക്കാൾ വലിയ കാര്യമാണെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യയിൽ ജയിക്കുകയെന്നത് കാഠിന്യമുള്ളതാണെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കി. ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം നേടുന്നതുപോലും ബുദ്ധിമുട്ടുള്ളതാണെന്നും അതു ചെയ്യാൻ കഴിഞ്ഞാൽ ആഷസ് പരമ്പരയേക്കാൾ വലുതായിരിക്കുമെന്നും താൻ കരുതുന്നതായി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാർക്കെതിരെ കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഓപണർ ഡേവിഡ് വാർണറും പറഞ്ഞു. “കഴിഞ്ഞ ആഷസ് അതിശയകരമായിരുന്നു, പക്ഷേ ഇന്ത്യയിൽ പോയി ഇന്ത്യയെ തോൽപിക്കുക എന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ഞങ്ങൾക്ക് ഏറ്റവും കഠിനമായ വെല്ലുവിളിയാണ്. ഞാൻ കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാർക്കെതിരെ ആവുന്നതെല്ലാം ചെയ്യും’’ -വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യയെ അവരുടെ മണ്ണിൽ തോൽപിക്കുകയെന്നത് ഏത് ടീമിന്റെയും ആഗ്രഹവും ലക്ഷ്യവുമാണെന്ന് പേസർ ജോഷ് ഹേസൽവുഡ് പറഞ്ഞു. പേസർ മിച്ചൽ സ്റ്റാർകും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.