‘ആ പന്ത് സിക്സടിക്കാൻ കഴിയാത്തതിൽ ദൈവത്തിന് നന്ദി’; വിൽ ജാക്സിന്റെ മാസ്മരിക പ്രകടനത്തെ വാഴ്ത്തി കോഹ്‍ലി

അഹ്മദാബാദ്: ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സ്വപ്നജയമാണ് ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്. 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബിക്ക് 12 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ തുടക്കത്തിൽ നഷ്ടമായിട്ടും 16 ഓവറില്‍ ലക്ഷ്യത്തിലെത്തുമ്പോൾ മാസ്മരിക പ്രകടനത്തിലൂടെ ടീമിനെ ജയത്തിലേക്ക് നയിച്ചത് വിൽ ജാക്സ് എന്ന ഇംഗ്ലീഷുകാരനായിരുന്നു. 41 പന്തിൽ 10 സിക്സും അഞ്ച് ഫോറുമടക്കം 100 റൺസുമായി താരം പുറത്താവാതെ നിന്നപ്പോൾ ക്രീസിന്റെ മറുതലക്കൽ 44 പന്തിൽ 70 റൺസുമായി സൂപ്പർ താരം വിരാട് കോഹ്‍ലിയുമുണ്ടായിരുന്നു. അർധസെഞ്ച്വറിയിലെത്താൻ 31 പന്ത് നേരിട്ട ജാക്സിന് സെഞ്ച്വറിയിലേക്കെത്താൻ പിന്നീട് വേണ്ടിവന്നത് വെറും 10 പന്തുകൾ മാത്രമായിരുന്നു.

മോഹിത്തിന്‍റെ ഓവറില്‍ 29 റണ്‍സടിച്ച് 36 പന്തില്‍ 72ല്‍ എത്തിയതോടെ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ വിശ്വസ്തനായ റാഷിദ് ഖാനെ പതിനാറാം ഓവർ ഏല്‍പ്പിച്ചു. ആദ്യ പന്തില്‍ കോഹ്‍ലി സിംഗിളെടുത്തു. അടുത്ത രണ്ട് പന്തിലും സിക്സർ പറത്തിയ ജാക്സ് നാലാം പന്തില്‍ ഫോറടിച്ചു. അഞ്ചും ആറും പന്തുകൾ സിക്സിന് പറത്തി അവിശ്വസനീയ സെഞ്ച്വറിയും ടീമിന്റെ വിജയവും ജാക്സ് പൂര്‍ത്തിയാക്കുകയായിരുന്നു. ജാക്സിന്‍റെ അടികണ്ട് വിരാട് കോഹ്‍ലി അതിശയിച്ചുനിൽക്കുന്ന കാഴ്ചക്കും കാണികൾ സാക്ഷിയായി.

റാഷിദ് ഖാൻ എറിഞ്ഞ ആദ്യ പന്ത് തനിക്ക് സിക്സടിക്കാൻ കഴിയാത്തതിന് മത്സരശേഷം ദൈവത്തിന് നന്ദി പറയുകയാണ് കോഹ്‍ലി. സിക്സടിക്കാൻ കഴിയാത്തതിൽ താൻ നിരാശനായിരുന്നെന്നും എന്നാൽ, അതിന് കഴിയാത്തതിനാലാണ് ജാക്സിന് സെഞ്ച്വറിയിലെത്താനായതെന്നും അതിന് ദൈവത്തിന് നന്ദിയെന്നും കോഹ്‍ലി മത്സരശേഷം ഡ്രസ്സിങ് റൂമിൽനിന്നുള്ള സംഭാഷണത്തിൽ പറഞ്ഞു. ഇതിന്റെ വിഡിയോ ആർ.സി.ബി എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ജയിക്കാൻ ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സടിച്ചാണ് ജാക്സ് ശതകത്തിലെത്തിയത്. 

Tags:    
News Summary - 'Thank God I couldn't hit that ball for six'; Kohli hails Will Jacks' mesmerizing performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.