ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20യിൽ പുറത്താകാതെ സെഞ്ച്വറി നേടി മറ്റൊരു റെക്കോഡിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്. ട്വന്റി 20യിൽ മൂന്നാം ശതകമാണ് കഴിഞ്ഞ ദിവസം താരം നേടിയത്. ഏറ്റവും കുറഞ്ഞ പന്തുകൾ നേരിട്ട് 1500 റൺസ് നേടിയ ബാറ്ററെന്ന ചരിത്ര നേട്ടം ഇതോടെ സ്വന്തം പേരിലാക്കി. 843 പന്തുകൾ മാത്രമാണ് സൂര്യക്ക് 1500 റൺസ് തികക്കാൻ വേണ്ടിവന്നത്.
ഇതിനായി കളിച്ച ഇന്നിങ്സുകളുടെ കാര്യമെടുത്താൽ മൂന്നാമതാണ് താരം. ഇന്ത്യൻ ബാറ്റർമാരായ വിരാട് കോഹ്‍ലിയും കെ.എൽ രാഹുലും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ചും 39 ഇന്നിങ്സുകളിൽ 1500 റൺസ് തികച്ച് റെക്കോഡ് പങ്കിടുമ്പോൾ പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‍വാൻ 42 ഇന്നിങ്സുകളിൽനിന്ന് ഇത്രയും റൺസടിച്ച് രണ്ടാം സ്ഥാനത്താണ്. സൂര്യകുമാർ ഒരു മത്സരം അധികം കളിച്ചു.
എന്നാൽ, 150ലധികം സ്ട്രൈക്ക് റേറ്റുമായി 1500 റൺസ് തികക്കുന്ന ആദ്യ താരം ഇനി സൂര്യകുമാറാണ്. 180.34 ആണ് സ്ട്രൈക്ക് റേറ്റ് എന്നറിയുമ്പോഴാണ് ആ ബാറ്റിന്റെ പ്രഹരശേഷി ബോധ്യമാവുക. 43 ഇന്നിങ്സുകളിൽനിന്നായി 46.41 ശരാശരിയിൽ 1578 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. ട്വന്റി 20യിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരവും സൂര്യയാണ്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് പിറകിലാണ് 45 പന്തിൽ സെഞ്ച്വറി നേടിയ ‘സ്കൈ’. എന്നാൽ, മൂന്ന് തവണ സെഞ്ച്വറി നേടിയപ്പോഴും അമ്പതിൽ താഴെ പന്തുകളേ നേരിടേണ്ടി വന്നിട്ടുള്ളൂ.
ട്വന്റി 20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനം ആസ്ട്രേലിയയുടെ െഗ്ലൻ മാക്സ് വെല്ലിനൊപ്പം താരം പങ്കിടുന്നു. മൂന്ന് സെഞ്ച്വറികളാണ് ഇരുവരും നേടിയത്. ഇക്കാര്യത്തിൽ നാല് സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ പേരിലാണ് റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.