ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് സ്റ്റീഫൻ ഫ്ലമിങ്. ചെന്നൈ സൂപ്പർ കിങ്സ് ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് നായകൻ നേടിയത് അഞ്ച് കിരീടങ്ങൾ. സി.എസ്.കെയെ സസ്പെൻഡ് ചെയ്ത രണ്ട് സീസണുകളിൽ റൈസിങ് പുണെ സൂപ്പർജയന്റ്സിനെ പരിശീലിപ്പിച്ച ഫ്ലമിങ് 2017ൽ ഈ ടീമിനെയും ഫൈനലിലെത്തിച്ചു. താരമായി തുടങ്ങി സീസൺ ഒന്നു മുതൽ സൂപ്പർ കിങ്സിന് കൂടെയുണ്ട് ഫ്ലമിങ്.
മാർക് ബൗച്ചർ -മുംബൈ ഇന്ത്യൻസ്
മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ മാർക് ബൗച്ചർ 2022 സെപ്റ്റംബറിലാണ് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നത്. തുടർന്ന് മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചുവരുന്നു. 2022ൽ പത്താം സ്ഥാനത്തായിരുന്ന മുംബൈയെ പിറ്റേ വർഷം ഫൈനലിലെത്തിച്ചു. മുംബൈ ഇന്ത്യൻസിലെത്തുന്നതിന് മുമ്പ് മാർക്ക് ബൗച്ചർ ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുമാർ സംഗക്കാര -രാജസ്ഥാൻ റോയൽസ്
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകനും ഇതിഹാസ ബാറ്ററുമായ കുമാർ സംഗക്കാര രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനും ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടറുമാണ്. 2021ൽ റോയൽസ് ക്യാമ്പിൽ ചേർന്ന സംഗക്കാര ഐ.പി.എൽ 2022ൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. പ്രഥമ സീസണിലെ ചാമ്പ്യൻ പ്രകടനത്തിനുശേഷം നിറം മങ്ങിപ്പോയ ടീമിനെ ശക്തരാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ആൻഡി ഫ്ലവർ -റോയൽ ചലഞ്ചേഴ്സ്
മുൻ സിംബാബ്വെ വിക്കറ്റ് കീപ്പർ ആൻഡി ഫ്ലവർ 2023 ആഗസ്റ്റിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനായി നിയമിതനാകുന്നത്. പഞ്ചാബ് കിങ്സ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവയിലും പരിശീലകനായിരുന്നു. 2023ന് ശേഷമാണ് ലഖ്നോ ഫ്ലവറുമായി വഴിപിരിഞ്ഞത്. അദ്ദേഹത്തിന് കീഴിൽ ആർ.സി.ബിക്ക് കന്നി ഐ.പി.എൽ കിരീടം നേടാൻ കഴിയുമോ എന്ന് കണ്ടറിയണം.
റിക്കി പോണ്ടിങ് -ഡൽഹി കാപിറ്റൽസ്
2018 മുതൽ ഡൽഹി കാപിറ്റൽസിലുള്ള ആസ്ട്രേലിയൻ ബാറ്റിങ് ഇതിഹാസം റിക്കി പോണ്ടിങ്ങിന് പക്ഷേ, ടീമിനെ കാര്യമായ നേട്ടങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. 2023ലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്; ഒമ്പതാം സ്ഥാനം. കാപിറ്റൽസിൽ ഇത് ഏഴാം സീസണാണ് മുൻ ഓസീസ് നായകന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐ.പി.എല്ലിൽ കളിച്ച പോണ്ടിങ് പിന്നീട് മുംബൈ ഇന്ത്യൻസിൽ ചേർന്നു. മുംബൈയുടെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചന്ദ്രകാന്ത് പണ്ഡിറ്റ് -നൈറ്റ് റൈഡേഴ്സ്
ഐ.പി.എൽ 2022നുശേഷം ബ്രണ്ടൻ മക്കല്ലം പുറത്തായതിനു പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചന്ദ്രകാന്ത് പണ്ഡിറ്റിനെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തു. 2023 മുതൽ ടീമിനൊപ്പമുണ്ട് പണ്ഡിറ്റ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ അറിയപ്പെടുന്ന തന്ത്രജ്ഞനാണ്. അടുത്തിടെ വിദർഭയെയും മധ്യപ്രദേശിനെയും രഞ്ജി ട്രോഫി ചാമ്പ്യൻമാരാക്കി. 1986 മുതൽ 1992 വരെ അഞ്ച് ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധാനംചെയ്തു.
ഡാനിയൽ വെറ്റോറി -സൺ റൈസേഴ്സ്
ഐ.പി.എൽ 2023 അവസാനിച്ചതിനുശേഷം ബ്രയാൻ ലാറക്ക് പകരക്കാരനായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെറ്റോറിയെ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2023ലെ നിറംമങ്ങിയ പ്രകടനമാണ് ലാറക്ക് തിരിച്ചടിയായത്. സൺ റൈസേഴ്സിന് രണ്ടാം കിരീടം നേടിക്കൊടുക്കുകയാണ് മുൻ റോയൽ ചലഞ്ചേഴ്സ് താരമായ വെറ്റോറിയുടെ ലക്ഷ്യം.
ആശിഷ് നെഹ്റ -ഗുജറാത്ത് ടൈറ്റൻസ്
താരമായും പിന്നാലെ പരിശീലകനായും ഐ.പി.എല്ലിൽ തിളങ്ങിയയാളാണ് ആശിഷ് നെഹ്റ. 2022 മുതൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം പരിശീലകനായുണ്ട്. അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്തിനെ ജേതാക്കളാക്കി മുൻ ഇന്ത്യൻ പേസ് ബൗളറായ നെഹ്റ. 2023ലും ടീം ഫൈനലിലെത്തി. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം അത്ഭുതങ്ങൾ കാട്ടാനൊരുങ്ങുകയാണ് നെഹ്റ.
ജസ്റ്റിൻ ലാംഗർ - ലഖ്നോ സൂപ്പർ ജയന്റ്സ്
മുൻ ആസ്ട്രേലിയൻ ഓപണർ ജസ്റ്റിൻ ലാംഗർ 2023 ആഗസ്റ്റിൽ ലഖ്നോ സൂപ്പർ ജയൻറ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായി. ഇതാദ്യമായാണ് ലാംഗർ ഏതെങ്കിലും ഐ.പി.എൽ ടീമിന്റെ പരിശീലകനാകുന്നത്. മുമ്പ് ആസ്ട്രേലിയൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീം കോച്ചായിരുന്നു ലാംഗർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.