ദുബൈ: ഇതുവരെ കണ്ടത് ട്രെയിലർ. ഇനി കാണാനിരിക്കുന്നത് സൂപ്പർ ത്രില്ലർ. കുട്ടിക്രിക്കറ്റിെൻറ ലോകപോരിൽ കുഞ്ഞന്മാർ അണിനിരന്ന പ്രാഥമിക റൗണ്ടിന് ശേഷം വമ്പന്മാർ കളത്തിലിറങ്ങുന്ന സൂപ്പർ 12 പോരാട്ടത്തിന് ഇന്ന് ഇമാറാത്തി മണ്ണിൽ ടോസ് വീഴും. ഇനിയുള്ള 23 നാളുകൾ ക്രിക്കറ്റ് ലോകത്തിെൻറ കണ്ണുകൾ യു.എ.ഇയിലേക്ക് ചുരുങ്ങും. െഎ.സി.സി റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകൾക്കൊപ്പം പ്രാഥമിക റൗണ്ടിലെ പരീക്ഷ വിജയിച്ചെത്തിയ നാലു ടീമുകളും രണ്ടു ഗ്രൂപ്പുകളിലായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം വൈകീട്ട് 3.30ന് (യു.എ.ഇ 2.00) അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വൈകീട്ട് 7.30ന് (യു.എ.ഇ 6.00) ദുബൈ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം മത്സരം. ഷാർജ കപ്പിെൻറ മധുരസ്മരണകൾ നിലകൊള്ളുന്ന യു.എ.ഇയുടെ മണ്ണിൽ ഒരിക്കൽ കൂടി ഇന്ത്യ-പാകിസ്താൻ മത്സരം വിരുന്നെത്തുന്നു എന്ന പ്രത്യേകതയും ഇൗ ലോകകപ്പിനുണ്ട്. ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ദുബൈ സ്റ്റേഡിയത്തിലാണ് മത്സരം. മഹാമാരിക്കിടയിലും മഹാമേളക്ക് പിച്ചൊരുക്കിയ യു.എ.ഇയിലെ മൂന്ന് മൈതാനങ്ങളിൽ 70 ശതമാനം കാണികളുടെ ആർപ്പുവിളികളോടെയായിരിക്കും ട്വൻറി20 ലോകകപ്പ് നടക്കുക.
ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക
ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ രണ്ടു പേരുകളാണെങ്കിലും ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നല്ല ക്ഷീണത്തിലാണ്. അവസാനം നടന്ന ട്വൻറി20 പരമ്പരയിൽ ബംഗ്ലാദേശിനോട് അഞ്ചിൽ നാലിലും തോറ്റാണ് ഒാസീസിെൻറ വരവ്. നായകൻ ആരോൺ ഫിഞ്ച് ഒഴികെയുള്ളവർക്ക് സ്ഥിരതയില്ലാത്തതാണ് പ്രശ്നം. ഗ്ലെൻ മാക്സ്വെൽ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് പോലുള്ള വമ്പൻ പേരുകളുണ്ടെങ്കിലും വിശ്വസിച്ച് ബാറ്റ് ഏൽപിക്കാൻ നായകന് കഴിയുന്നില്ല. മോശം ഫോമിനെ തുടർന്ന് െഎ.പി.എൽ ടീമിൽ നിന്ന് വാർണർ പുറത്തായിരുന്നു. മാക്സ്വെല്ലിെൻറ ഫോമാണ് ആശ്വാസം. സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ചെങ്കിലും ഇന്ത്യയോട് പരാജയപ്പെട്ടു. ലോകകപ്പിലെത്തുേമ്പാൾ നിറംമാറുന്ന പതിവുണ്ട് ആസ്ട്രേലിയക്ക്. അതിലാണ് ഇനിയുള്ള പ്രതീക്ഷകൾ.
ഇതിലും പരിതാപകരമാണ് ദക്ഷിണാഫ്രിക്കയുടെ അവസ്ഥ. എടുത്തുപറയത്തക്ക താരങ്ങളൊന്നുമില്ല. ക്വിൻറൺ ഡികോക്കിലും നായകൻ െടംബ ബാവുമയിലും എയ്ഡൻ മാർക്രാമിലുമാണ് പ്രതീക്ഷ. ട്വൻറി20യിൽ നല്ല ടീമുകളുമായി ഏറ്റുമുട്ടിയിട്ട് കാലം കുറേയായി. ശ്രീലങ്കയും അയർലൻഡുമായിരുന്നു അവസാന പരമ്പരകളിലെ ഇരകൾ. ഇൗ പരമ്പരകൾ ജയിച്ചെങ്കിലും ഇൗ കളിയൊന്നും പോര ലോകകപ്പ് ജയിക്കാൻ. ബൗളിങ്ങിൽ കാഗിസോ റബാദയും ലുൻഗി എൻഗിഡിയും ഫോമിലല്ല. ആൻറിച് നോർട്യേ കുഴപ്പമില്ലാതെ പന്തെറിയുന്നുണ്ട്. ട്വൻറി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന തബ്റൈസ് ഷംസിയിലാണ് സ്പിൻ പ്രതീക്ഷ.
വെസ്റ്റിൻഡീസ് Vs ഇംഗ്ലണ്ട്
ആ ബാറ്റിങ് ലൈനപ്പിലേക്കൊന്ന് നോക്കുക. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, നിക്കോളാസ് പുരാൻ, ആന്ദ്രേ റസൽ, ഷിംറോൺ ഹെറ്റ്മെയർ, ഡ്വൈൻ ബ്രാവോ...ലോകത്തിലെ ഏത് വമ്പൻ ബൗളിങ് നിരയെയും തച്ചുടക്കാൻ കെൽപ്പുള്ള ബാറ്റിങ് പട്ടാളം. പക്ഷെ, കാര്യമില്ല. ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങുന്ന ശീലം വെസ്റ്റിൻഡീസ് ഇപ്പോഴും കൈവിട്ടിട്ടില്ല. എതിരാളികളുടെ പ്രതീക്ഷയും ഇതിലാണ്. ഗെയ്ലിനും ബ്രാവോക്കും റസലിനുമൊന്നും പഴയ പ്രതാപമില്ല. നായകൻ പൊള്ളാർഡിൽ പ്രതീക്ഷയുണ്ട്. ലോക ചാമ്പ്യന്മാരാണെങ്കിലും നിലവിൽ ട്വൻറി20 റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്താണ്.
മറുവശത്ത് ഇംഗ്ലണ്ട് പ്രതീക്ഷയിലാണ്. നായകൻ ഒായിൻ മോർഗൻ െഎ.പി.എല്ലിൽ അേമ്പ പരാജയപ്പെെട്ടങ്കിലും ജോണി ബെയർസ്റ്റോയും ജോസ് ബട്ലറും ഡേവിഡ് മലനും ജാസൺ റോയിയും ഉൾപ്പെട്ട ബാറ്റിങ് നിര ശക്തമാണ്. പരിക്കിൽ നിന്ന് മുക്തരാകാത്ത ബെൻ സ്റ്റോക്സിെൻറയും ജോഫ്ര ആർച്ചറിെൻറയും അഭാവം ബൗളിങ് നിരയിൽ നിഴലിക്കും.
കണക്കുകളിൽ മേൽക്കൈ ഇന്ത്യക്കും പാകിസ്താനും, കിരീടം എവിടേക്ക്?
ദുബൈ: ട്വൻറി20 ലോക പോരാട്ടങ്ങൾക്ക് ശനിയാഴ്ച പുതിയ പോർമുഖം തുറക്കുേമ്പാൾ കണക്കുകളിലെ മികവ് കിരീടവിജയത്തോളമെത്തുമോ എന്ന ആകാംക്ഷയിൽ അയൽക്കാർ. കഴിഞ്ഞ ലോകകപ്പിനു ശേഷം ട്വൻറി20യിൽ ഏറ്റവും കൂടുതൽ വിജയം കുറിച്ച ടീമുകൾ ഇന്ത്യയും പാകിസ്താനുമാണ്. ഇതുവെച്ച് ഈ ലോകകപ്പിലും സാധ്യത പട്ടികയിൽ മുന്നിൽനിൽക്കാൻ ഇരുവർക്കുമാകുമെങ്കിലും അതുപക്ഷേ, സംഭവിക്കണമെന്നില്ലെന്ന് മുൻ ലോകകപ്പുകൾ തെളിയിക്കുന്നു. 16 കളികളിൽ 11ഉം ജയിച്ച് ഫേവറിറ്റുകളായി 2012ലെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്കതന്നെ ഉദാഹരണം. തുടർച്ചയായ മൂന്നു കളികൾ തോറ്റ് സൂപ്പർ എട്ടിൽതന്നെ ടീം പുറത്തേക്ക് വഴിതുറന്നു. മറുവശത്ത്, കിരീടം മാറോടുചേർത്ത വിൻഡീസാകട്ടെ, വമ്പൻ തോൽവികളുടെ റെക്കോഡ് മാത്രം കൈമുതലാക്കി എത്തിയവരും. 2016ൽ ഇന്ത്യക്കായിരുന്നു മേൽക്കൈയെങ്കിൽ അവസാന ചിരി വിൻഡീസിനുതന്നെയായി. ആകെ കണക്കിലെ കളി കാര്യമായത് 2014ലെ ലോകകപ്പിൽ- അന്ന് ശ്രീലങ്കയായിരുന്നു ലോകകപ്പിനു മുമ്പും ശേഷവും വലിയ വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.