ന്യൂഡൽഹി: മോശം ഫോമിലുള്ള ഓപണര്‍ കെ.എല്‍ രാഹുലിനെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയ സെലക്ടര്‍മാരുടെ നടപടിയെ കണക്കുകള്‍ നിരത്തി വിമർശിച്ച മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപണര്‍ ആകാശ് ചോപ്ര. രാഹുലിനെ നിലനിര്‍ത്തിയ തീരുമാനത്തെ താരത്തിന്റെ വിദേശത്തെ മികച്ച പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ന്യായീകരിച്ചപ്പോൾ കണക്കുകള്‍ നിരത്തി വെങ്കിടേഷ് പ്രസാദ് ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ആകാശ് ചോപ്ര രാഹുലിന്‍റെ വിദേശത്തെ പ്രകടനങ്ങളുടെ കണക്കുകളുമായി രംഗത്തെത്തിയത്.
‘സെന’ എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ പ്രകടനങ്ങളാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളില്‍ 2020 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിയുള്ള കളിക്കാരന്‍ രാഹുല്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 43.15 ബാറ്റിങ് ശരാശരിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളാണ് രോഹിത് കളിച്ചത്. ഒരു മത്സരം മാത്രം കളിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ ശരാശരി 42 ആണ്. ഏഴ് മത്സരം കളിച്ച രാഹുൽ 38.64 ശരാശരിയുണ്ടെന്നും രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഇതിലുണ്ടെന്നും ആകാശ് ചോപ്ര കണക്കുകള്‍ നിരത്തി പറയുന്നു. പട്ടികയില്‍ ചേതേശ്വര്‍ പൂജാര ആറാമതും വിരാട് കോഹ്‍ലി ഏഴാമതുമാണ്.
അതുകൊണ്ടാകും സെലക്ടര്‍മാരും പരിശീലകനും ക്യാപ്റ്റനും രാഹുലിനെ ടീമില്‍ നിലനിര്‍ത്തിയതെന്നും ഇക്കാലയളവില്‍ നാട്ടില്‍ രണ്ടു ടെസ്റ്റിലേ രാഹുല്‍ കളിച്ചിട്ടുള്ളൂവെന്നും ആകാശ് ചോപ്ര പറയുന്നു. തനിക്ക് ബി.സി.സി.ഐയില്‍ പദവികളൊന്നും വേണ്ടെന്നും സെലക്ടറാവാനോ പരിശീലകനാവാനോ ഉപദേശകനാവാനോ ഐ.പി.എല്ലില്‍ എന്തെങ്കിലും പദവികള്‍ നേടാനാ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം പ്രസാദിനുള്ള മറുപടിയായി പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും ഏകദിന പരമ്പരക്കുമുള്ള ടീമില്‍ രാഹുലിനെ നിലനിര്‍ത്തിയതിനെ ന്യായീകരിച്ച രാഹുല്‍ ദ്രാവിഡിന്‍റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുകളുമായാണ് പ്രസാദ് രംഗത്തെത്തിയിരുന്നത്. വിദേശത്ത് കളിച്ച 56 ഇന്നിങ്സുകളില്‍ രാഹുലിന്‍റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 30.7 മാത്രമാണെന്ന് വെങ്കിടേഷ് പ്രസാദ് ട്വീറ്റില്‍ കുറിച്ചു. വിദേശത്ത് രാഹുല്‍ ആറ് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ തവണ കുറഞ്ഞ സ്കോറുകളില്‍ പുറത്തായിട്ടുണ്ടെന്നും പ്രസാദ് വാദിച്ചു.
ഓപണറെന്ന നിലയില്‍ രാഹുലിനെക്കാള്‍ വിദേശത്ത് ഏറ്റവും മികച്ച ശരാശരിയുള്ളത് ശിഖര്‍ ധവാനാണെന്നും കണക്കുകള്‍ നിരത്തി പ്രസാദ് വ്യക്തമാക്കി. വിദേശത്ത് അഞ്ച് സെഞ്ച്വറിയടിച്ച ധവാന് 40 ബാറ്റിങ് ശരാശരിയുണ്ട്. സ്ഥിരതയില്ലെങ്കിലും ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. വിദേശത്ത് മികച്ച തുടക്കമിട്ട മായങ്ക് അഗര്‍വാളിന് അത്ര നല്ല റെക്കോഡ് ഇല്ലെങ്കിലും നാട്ടില്‍ കളിക്കുമ്പോള്‍ 70നടുത്ത് ബാറ്റിങ് ശരാശരിയുണ്ട്.
രണ്ട് ഡബിള്‍ സെഞ്ച്വറിയും ഒരു 150ന് മുകളിലുള്ള സ്കോറും മായങ്കിന്‍റെ പേരിലുണ്ട്. വിദേശത്ത് 37 റണ്‍സ് ശരാശരിയുള്ള ശുഭ്മാന്‍ ഗില്ലിനും രാഹുലിനേക്കാള്‍ മികച്ച റെക്കോഡുണ്ട്. ഇനി വിദേശത്തെ പ്രകടനമാണ് രാഹുലിനെ ടീമില്‍ നിര്‍ത്താന്‍ കാരണമെങ്കില്‍ വിദേശത്ത് 50 ടെസ്റ്റുകളിലേറെ കളിച്ച രഹാനെക്ക് 40ന് മുകളില്‍ ശരാശരിയുണ്ടെന്നും പ്രസാദ് പറയുന്നു. അതേസമയം, രാഹുലിനെതിരെ വ്യക്തിപരമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നും പ്രദാസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.