കാര്യവട്ടത്ത് ഇന്ത്യ-ആസ്ട്രേലിയ ട്വന്റി20 മത്സരം നടക്കുമ്പോൾ ഗാലറിയിൽ ഒഴിഞ്ഞ സീറ്റുകൾ   ചിത്രങ്ങൾ: പി.ബി. ബിജു

സഞ്ജുവില്ല, കാര്യവട്ടത്ത് വീണ്ടും വിട്ടുനിന്ന് കാണികൾ; ഗാലറി മൂന്നിലൊന്നു ഭാഗം പോലും നിറഞ്ഞില്ല

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ശുഷ്‍കമായ ഗാലറിയെ സാക്ഷിനിർത്തി മറ്റൊരു അന്താരാഷ്ട്ര മത്സരം കൂടി. ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് ഞായറാഴ്ച കാര്യവട്ടം വേദിയൊരുക്കിയത്. എന്നാൽ, അവധിദിനമായിട്ടുകൂടി സ്റ്റേഡിയത്തിലെ ഗാലറിയിൽ മൂന്നിലൊന്നുഭാഗം കാണികൾ പോലും എത്തിയില്ല. ആദ്യം ബാറ്റുചെയ്ത് ഇന്ത്യ 235 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും ഗാലറിയിൽ ആരവങ്ങൾക്ക് ഒട്ടും കരുത്തുണ്ടായിരുന്നില്ല.

മലയാളിതാരം സഞ്ജു സാംസണിനോട് ഇന്ത്യൻ ​ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിരന്തരമായി തുടരുന്ന അവഗണനയാണ് കാണികൾ വിട്ടുനിൽക്കാൻ വലിയൊരളവിൽ കാരണം. വിരാട് കോഹ്‍ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം നൽകിയ ബി.സി.സി.ഐ, രണ്ടാം നിരക്കാരെയാണ് സ്വന്തം മണ്ണിലെ പരമ്പരക്കായി ടീമിൽ ഉൾപെടുത്തിയത്. ഈയിടെ സമാപിച്ച ഏകദിന ലോകകപ്പ് ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർ ഈ രണ്ടാം നിര ടീമിലും മലയാളി താരത്തെ ഉൾപ്പെടുത്തിയില്ല. ഈ നടപടിയോടുള്ള കടുത്ത എതിർപ്പാണ് മത്സരം കാണാനെത്താതെ മലയാളികൾ പ്രകടമാക്കിയതെന്ന് സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.\


രണ്ടാംനിര ടീമാണെങ്കിലും സഞ്ജു ഉണ്ടായിരുന്നെങ്കിൽ ഗാലറി നിറഞ്ഞുകവിഞ്ഞേനേ എന്നാണ് അവരുടെ വാദം. സൂര്യകുമാർ യാദവ് നയിക്കുന്ന രണ്ടാംനിര ടീമിന്റെ കളി കാണാൻ ആദ്യ മത്സരം നടന്ന വിശാഖപട്ടണത്ത് നിറഗാലറിയായിരുന്നു സാക്ഷി. എന്നാൽ, തിരുവനന്തപുരത്ത് 38000 പേർക്കിരിക്കാവുന്ന ഗാലറിയിൽ പതിനായിരത്തോളം പേർ മാത്രമാണ് കളി കാണാനെത്തിയത്. താരങ്ങള്‍ മത്സരത്തിനായി എത്തിയപ്പോള്‍ തന്നെ പതിവ് ആവേശമൊന്നും തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. ടിക്കറ്റുകളുടെ ഉയർന്ന നിരക്കും കാണികളെ സ്റ്റേഡിയത്തിൽനിന്ന് അകറ്റിയതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കുറി 350, 750 എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ.

നേരത്തേ ഈ വർഷം ജനുവരിയിൽ കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. 38,000 സീറ്റുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്ന് സൗജന്യ പാസുകളടക്കം ആകെ കളി കണ്ടത് 16,210 പേർ. 6,201 ടിക്കറ്റുകൾ മാത്രമാണ് അന്ന് വിറ്റുപോയത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദപരാമര്‍ശമാണ് അന്ന് സ്റ്റേഡിയത്തിൽ വലിയൊരളവിൽ കാണികളെ അകറ്റിയത്. അഞ്ചുശതമാനം ഉണ്ടായിരുന്ന വിനോദ നികുതി 12 ശതമാനമായി കുത്തനെ വര്‍ധിപ്പിച്ചതാണ് ടിക്കറ്റ് വില കൂടാൻ കാരണമായത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു, പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന മന്ത്രിയുടെ പ്രതികരണം. ഇത് വൻ വിവാദമാവുകയും ചെയ്തു.

ഏകദിനത്തിന്റെ കുറയുന്ന ജനപ്രീതിയും ആളില്ലാത്തതിന് അന്ന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഇപ്പോൾ ട്വന്റി20 മത്സരത്തിനും ഗാലറി കാലിയായത് കൂടുതൽ ചർച്ചയാകും. കാര്യവട്ടത്ത് ആദ്യം നടന്ന നാലു കളികളിലും മുഴുവൻ ടിക്കറ്റും വിറ്റുപോയപ്പോഴാണ് അവസാനത്തെ രണ്ടു കളികളിൽ ആളില്ലാതായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് ഭാവിയിൽ മത്സരവേദിയായി തെരഞ്ഞെടുക്ക​പ്പെടുന്നതിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്.

Tags:    
News Summary - The gallery was not even one-third full at Kariavattom Green Field Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.