വിക്കറ്റിന്റെ റെക്കോഡ് ഇനി ഷമിയുടെ പേരിൽ; പിന്തള്ളിയത് സഹീർ ഖാനെയും ജവഗൽ ശ്രീനാഥിനെയും

മുംബൈ: ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തീതുപ്പുന്ന പന്തുകളുമായി അരങ്ങുവാണ മുഹമ്മദ് ഷമിയെ തേടി ലോകകപ്പിലെ അപൂർവ റെക്കോഡ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം അതുല്യ നേട്ടത്തിലേക്ക് ചുവടുവെച്ചത്.

അഞ്ച് വിക്കറ്റ് പിഴുത ഷമി 45 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. 44 വിക്കറ്റുകൾ നേടിയ ജവഗൽ ശ്രീനാഥിനെയും സഹീർ ഖാനെയുമാണ് പിന്തള്ളിയത്. ഷമിക്ക് ഇത്രയും വിക്കറ്റ് വീഴ്ത്താൻ 14 മത്സരങ്ങളേ വേണ്ടിവന്നുള്ളൂവെങ്കിൽ സഹീർ ഖാൻ 23 മത്സരങ്ങളിലും ശ്രീനാഥ് 33 മത്സരങ്ങളിലുമാണ് ഇത്രയും വിക്കറ്റ് വീഴ്ത്തിയത്. 2015, 2019, 2023 ലോകകപ്പുകളിലാണ് ഷമി 45 വിക്കറ്റുകൾ കൊയ്തത്. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ 14 വിക്കറ്റാണ് താരം നേടിയത്. ലോകകപ്പിൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഷ​മി ഒ​റ്റ ഇ​ന്നി​ങ്സി​ൽ അ​ഞ്ചു​പേ​രെ പു​റ​ത്താ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്റെ റെ​ക്കോ​ഡി​നൊ​പ്പവും ഷമി എ​ത്തി​.

ഇന്ത്യൻ പേസർമാരുടെ മാരക ആക്രമണത്തിൽ ശ്രീലങ്ക നാണംകെടുകയായിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക വെറും 55 റൺസിന് പുറത്താവുകയായിരുന്നു. 302 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഷമിക്ക് പുറമെ മുഹമ്മദ് സിറാജ് ഏഴോവറിൽ 16 റൺസ് വഴങ്ങി മൂന്നുപേരെ മടക്കിയപ്പോൾ ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റും നേടി.

ശ്രീലങ്കൻ നിരയിൽ അഞ്ചുപേരാണ് പൂജ്യരായി മടങ്ങിയത്. പതും നിസ്സങ്ക, ദിമുത് കരുണരത്നെ, സദീര സമരവിക്രമ, ദുഷൻ ഹേമന്ത, ദുഷ്മന്ത ചമീര എന്നിവരാണ് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. കുശാൽ മെൻഡിസ്, ചരിത് അസലങ്ക എന്നിവർ ഓരോ റൺസെടുത്ത് പുറത്തായി. 14 റൺസെടുത്ത കസുൻ രജിതയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. എയ്ഞ്ചലോ മാത്യൂസ് (12), മഹീഷ് തീക്ഷണ (പുറത്താവാതെ 12), ദിൽഷൻ മധുശങ്ക (അഞ്ച്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

നേരത്തെ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധസെഞ്ച്വറികളുടെ മികവിൽ ശ്രീലങ്കക്കെതിരെ കൂറ്റൻ സ്കോറാണ് ഇന്ത്യ അടിച്ചെടുത്തത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ഇന്ത്യൻ ബാറ്റർമാർ നേടിയത്.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ശ്രീലങ്ക, സ്കോർ ബോർഡിൽ നാല് റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് വീഴ്ത്തി. ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർണായക വിക്കറ്റാണ് വീണത്. ആദ്യ പന്തിൽ ഫോറടിച്ച് തുടങ്ങിയ താരത്തെ രണ്ടാം പന്തിൽ ദിൽഷൻ മധുശങ്ക ബൗൾഡാക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒരുമിച്ച ശുഭ്മൻ ഗില്ലും വിരാട് കോഹ്‍ലിയും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തിയതോടെ ശ്രീലങ്കൻ ബൗളർമാർ വിയർത്തു. 92 പന്തിൽ രണ്ട് സിക്സും 11 ഫോറുമടക്കം 92 റൺസെടുത്ത ​ഗില്ലിനെ മധുശങ്കയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് പിടികൂടിയതോടെ താരത്തിന് അർഹതപ്പെട്ട സെഞ്ച്വറി നഷ്ടമായി.

അടുത്ത ഊഴം വിരാട് കോഹ്‍ലിയുടേതായിരുന്നു. ഏകദിനത്തിൽ സചിന്റെ 49 സെഞ്ച്വറിയെന്ന റെക്കോഡിലേക്ക് കുതിക്കുകയായിരുന്ന കോഹ്‍ലിയെയും മധുശങ്ക തന്നെ വീഴ്ത്തി. പന്തിന്റെ ഗതിയറിയാതെ ബാറ്റ്​ വെച്ച താരത്തെ സ്ലിപ്പിൽ നിസ്സംഗ പിടികൂടുകയായിരുന്നു. 94 പന്തിൽ 11 ഫോറടക്കം 88 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. എന്നാൽ, ഗിൽ മടങ്ങിയ ശേഷമെത്തിയ ശ്രേയസ് അയ്യരാണ് ശ്രീലങ്കൻ ബൗളർമാരെ ദയയി​ല്ലാതെ കൈകാര്യം ചെയ്തത്. 56 പന്തിൽ ആറ് സിക്സും മൂന്ന് ഫോറുമടക്കം അയ്യർ 82 റൺസെടുത്ത് പുറത്തായി. നാലാം വിക്കറ്റും മധുശങ്കയുടെ പേരിലായിരുന്നു. ഇത്തവണ ക്യാച്ചെടുത്തത് മഹീഷ് തീക്ഷണ.

കെ.എൽ രാഹുൽ (19 പന്തിൽ 21), സൂര്യകുമാർ യാദവ് (ഒമ്പത് പന്തിൽ 12) മുഹമ്മദ് ഷമി (നാല് പന്തിൽ രണ്ട്) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ അവസാന ഘട്ടത്തിൽ രവീന്ദ്ര ജദേജയാണ് സ്കോർ 350 കടത്തിയത്. 24 പന്തിൽ 35 റൺസെടുത്ത താരം ഇന്നിങ്സിന്റെ അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ഒരു റൺസുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. ശ്രീലങ്കൻ നിരയിൽ ദിൽഷൻ മധുശങ്ക പത്തോവറിൽ 80 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദുഷ്മന്ത ചമീര ഒരു വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ രണ്ടുപേരാണ് റണ്ണൗട്ടായി മടങ്ങിയത്.

Tags:    
News Summary - The record of wickets is now in the name of Shami; Behind Zaheer Khan and Javagal Srinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.