ബിഗ്ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സ് തങ്ങളുടെ അപ്രമാധിത്വം തെളിയിച്ച ദിവസമായിരുന്നു ഇന്നലെ. സിഡ്നി സിക്സേഴ്സിനെ 79 റൺസിന് തകർത്ത് ഒരിക്കൽ കൂടി ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ട്രോഫി സ്വന്തമാക്കി. നാല് തവണയാണ് പെർത്ത് ടീം കിരീടം ചൂടിയിട്ടുള്ളത്. 11 സീസണുകളിലായി ഏറ്റവുമധികം തവണ ജേതാക്കളായതും ഇവർ തന്നെ.
14 ലീഗ് മത്സരങ്ങളും പ്ലേഓഫും പിന്നിട്ടാണ് ഫൈനലിലെത്തിയത്. തകർപ്പൻ വിജയത്തിന്‍റെ ആഘോഷത്തിമിർപ്പിലായിരുന്നു പെർത്ത് താരങ്ങൾ. എന്നാൽ, ആഘോഷം 'ചോരക്കളിയിൽ' എത്തിച്ച കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലാകുന്നത്.
ടീമിന്‍റെ വിജയം ആഘോഷിക്കുന്നതിനിടെ ഓസീസ് പേസർ ജൈ റിച്ചാർഡ്സണിന്‍റെ മൂക്കിൽനിന്ന് രക്തസ്രാവമുണ്ടായി. സഹതാരത്തിന്‍റെ തോളിലിടിച്ച് റിച്ചാർഡ്സന്‍റെ മൂക്കിന് പരിക്കേൽക്കുകയായിരുന്നു. പക്ഷെ, പരിക്കിനെ അവഗണിച്ച് താരം ആഘോഷം തുടർന്നു. കൂടാതെ ടി.വി അവതാരകനോട് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
ഫൈനലിൽ റിച്ചാർഡ്സൺ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സിഡ്നി സിക്സേഴ്സിന്‍റെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തി റിച്ചാർഡ്സൺ കപ്പിലേക്കുള്ള പെർത്തിന്‍റെ ദൂരം കുറച്ചു.
തകര്‍ത്തടിച്ച ലോറി ഇവാന്‍സിന്‍റെ മികവിലാണ് പെർത്ത് സ്‌കോര്‍ച്ചേഴ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസായിരുന്നു പെർത്തിന്‍റെ സാമ്പദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിഡ്നിയുടെ ഇന്നിങ്സ് 92ൽ അവസാനിച്ചു.
41 പന്തുകളില്‍നിന്ന് നാല് വീതം ഫോറും സിക്സുമടിച്ച് പുറത്താവാതെ 76 റണ്‍സെടുത്ത ഇവാന്‍സും 35 പന്തുകളില്‍നിന്ന് 54 റൺസെടുത്ത ക്യാപ്റ്റൻ ആഷ്ടണ്‍ ടര്‍ണറുമാണ് സ്‌കോര്‍ച്ചേഴ്‌സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ 25ന് നാല് വിക്കറ്റ് എന്ന നിലയില്‍ കീഴടങ്ങാനിരുന്ന സ്‌കോര്‍ച്ചേഴ്‌സിനെ ഇവാന്‍സും ടര്‍ണറും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. സിക്‌സേഴ്‌സിനുവേണ്ടി നഥാന്‍ ലിയോണും സ്റ്റീവ് ഒകീഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച സിഡ്‌നി സിക്‌സേഴ്‌സിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നല്‍കാനായില്ല. സിക്‌സേഴ്‌സ് നിരയില്‍ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. സ്‌കോര്‍ച്ചേഴ്‌സിനുവേണ്ടി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.