കൊൽക്കത്ത: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ആതിഥേയർക്കായി തിളങ്ങാനിടയുള്ള മൂന്ന് താരങ്ങളെ പ്രവചിച്ച് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇവർക്ക് രാജ്യത്തെ മൂന്നാം തവണയും ഏകദിന ക്രിക്കറ്റിലെ ചാമ്പ്യന്മാരാക്കാൻ കഴിയുമെന്നും 2003ൽ ഫൈനൽ വരെ എത്തിച്ച നായകൻ പറഞ്ഞു. സ്വന്തം മണ്ണിലായതിനാൽ രോഹിത് ശർമക്കും സംഘത്തിനുമാണ് സാധ്യത കൂടുതലെന്നും അഭിപ്രായപ്പെട്ട ഗാംഗുലി, നായകൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്‍ലി, യുവതാരം ശുഭ്മാൻ ഗിൽ എന്നിവരുടെ മികവാകും ഇന്ത്യക്ക് തുണയാവുകയെന്നും പറഞ്ഞു.
‘ഏകദിനത്തിൽ നായകനായി രോഹിതിന്റെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പാകും ഇത്. 2019ലേത് രോഹിതിന്റെ മികച്ച ലോകകപ്പായിരുന്നു. ദക്ഷിണാഫ്രിക്കക്കും പാകിസ്താനും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശ്രീലങ്കക്കുമെതിരെയെല്ലാം സെഞ്ച്വറി നേടിയത് അവന്റെ മികവ് വെളിപ്പെടുത്തുന്നു. രോഹിതിന് ലോകകപ്പിൽ മികച്ച റെക്കോഡാണുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിരാട് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു. ശുഭ്മാൻ ഗില്ലിന് പിടിച്ചുനിന്ന് മത്സരം ജയിപ്പിക്കാനുള്ള കഴിവുണ്ട്. ഇന്ത്യ ലോകകപ്പ് വിജയിക്കണങ്കിൽ ഈ മൂന്ന് താരങ്ങളും പ്രധാന പങ്ക് വഹിക്കേണ്ടി വരും’, ഗാംഗുലി പറഞ്ഞു. ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2011ൽ ഇന്ത്യ ഏകദിന ക്രിക്കറ്റിലെ രണ്ടാം ലോകകപ്പിൽ മുത്തമിടുന്നത്. എം.എസ് ധോണിയുടെ നായകത്വത്തിലായിരുന്നു അന്ന് കിരീടധാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.