റാവൽപിണ്ടി: ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് ഭീഷണി സന്ദേശമടങ്ങിയ ഇമെയിൽ അയച്ചത് ഇന്ത്യക്കാരെന്ന് പാകിസ്താൻ. 18 വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ ക്രിക്കറ്റ് പര്യടനത്തിനെത്തിയ ന്യൂസിലാൻഡ് ടീം ടോസിനായി നാണയമെറിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അത്യന്തം നാടകീയമായി പിന്മാറിയിരുന്നു.
തങ്ങളുടെ രാജ്യത്ത് അടുത്തിടെ നടന്ന തീവ്രവാദ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും പാകിസ്താൻ ആരോപിച്ചു. അതേ സമയം പാകിസ്താൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതവും വിശ്വാസ്യതയുമില്ലാത്ത വാദങ്ങളാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിൻഡം ബഗ്ചി അറിയിച്ചു.
''തെഹ്രീകെ താലിബാൻ സായുധധാരി ഇഹ്സാനുല്ലാഹ് ഇഹ്സാനിന്റെ പേരിൽ വ്യാജ പോസ്റ്റ് നിർമിച്ചാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡിനും സർക്കാറിനും സന്ദേശങ്ങളയച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട ഡിവൈസിൽ നിന്നാണ് സന്ദേശങ്ങളയച്ചത് എന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ വിർട്വൽ പ്രൈവറ്റ് നെറ്റ്വർക് ഉപയോഗിച്ചതിനാൽ ലൊക്കേഷൻ സിംഗപ്പൂർ എന്നാണ് കാണിക്കുന്നത്. ഈ ഡിവൈസിൽ 14ഓളം മറ്റു ഐ.ഡികളും പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ഇന്ത്യൻ പേരുകളാണ്. മുമ്പ് വെസ്റ്റിൻഡീസ് പാക് പര്യടനത്തിന് എത്തിയപ്പോഴും ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് നിർഭാഗ്യകരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന് എതിരായ കാമ്പയിനാണിത്. ഐ.സി.സി ഇതിനെതിരെ നടപടിയെടുക്കണം'' - പാകിസ്താൻ വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവർ പരമ്പരക്കായാണ് ന്യൂസിലൻഡ് ടീം പാകിസ്താനിലെത്തിയത്. റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സുരക്ഷ കാരണങ്ങൾ പറഞ്ഞ് ന്യൂസിലൻഡ് ടീം പരമ്പരയിൽനിന്നു പിന്മാറിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താൻ വിടുമെന്നുമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിക്കുന്നത്.
18 വർഷത്തെ ദീർഘമായ ഇടവേളക്കു ശേഷമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി 20 യും അടക്കമുള്ള എട്ടു മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നുവരെ റാവൽപിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. മൂന്നു മണിക്കായിരുന്നു കളി നടക്കേണ്ടത്. എന്നാൽ, ഇരു ടീമുകളും ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയില്ല. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.