പ്രവചനങ്ങൾക്ക് ഒരുകാലത്തും സ്ഥാനമില്ലാത്ത കായിക ഇനമാണ് ക്രിക്കറ്റ്. പ്രവചനാത്മകമല്ല എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യവും. ഈ അനുഭവങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു പ്രവചനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലിയുടെ സ്കോർ കാർഡാണ് ആരാധകൻ കൃത്യമായി പ്രവചിച്ചത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയിലിരിക്കെയായിരുന്നു വിരാട് ടീമിന്റെ നായകസ്ഥാനം രാജിവെക്കുന്നത്. കരിയറിലെ നൂറാം ടെസ്റ്റിന് ശേഷം സ്ഥാനമൊഴിയാമെന്ന ബി.സി.സി.ഐയുടെ വാക്കുകളെ അവഗണിച്ചായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം. ശ്രീലങ്കയ്‌ക്കെതിരെ താരം തന്റെ നൂറാം ടെസ്റ്റ് കളിക്കുകയാണിപ്പോൾ. നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഏറെ നാളുകളായുള്ള സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടണമെന്നായിരുന്നു കോഹ്‌ലിയും ആരാധകരും ഒരുപോലെ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോള്‍ താരം പുറത്താവുകയായിരുന്നു.
ശ്രീലങ്കന്‍ താരം ലസിത് എംബുല്‍ഡെനിയയെറിഞ്ഞ ഡെലിവറിയില്‍ പുറത്തായപ്പോള്‍ വിരാടും ഡ്രസ്സിംഗ് റൂമും ഒരുപോലെ ഞെട്ടിയിരുന്നു. എന്നാല്‍, യഥാർഥ ഞെട്ടൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. മത്സരത്തിന് മുമ്പ് ഒരു ട്വിറ്റർ അകൗണ്ടിൽ വന്ന പ്രവചനമാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ വണ്ടറടിപ്പിച്ചത്. നൂറാം ടെസ്റ്റില്‍ കോഹ്ലി നേടാന്‍ പോവുന്ന സ്‌കോറും, വിക്കറ്റ് വീഴ്ത്തുന്ന ബൗളറുടെ പേരുമടക്കമായിരുന്നു ശ്രുതി 100 എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പ്രവചിക്കപ്പെട്ടത്.
'നൂറാം ടെസ്റ്റില്‍ കോഹ്ലി സെഞ്ച്വറി നേടില്ല, 45 റണ്‍സായിരിക്കും താരം നേടുക. മനോഹരമായ നാല് കവര്‍ ഡ്രൈവുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറക്കും. ശേഷം എംബുല്‍ഡെനിയ വിരാടിന്റെ വിക്കറ്റ് തെറിപ്പിക്കും. വിക്കറ്റ് വീണത് വിശ്വസിക്കാനാവാതെ വിരാട് ഒരു നിമിഷം തരിച്ചു നില്‍ക്കും' എന്നായിരുന്നു ട്വീറ്റ്.
പ്രവചനം സത്യമാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വ്യക്തിഗത സ്‌കോര്‍ 45ഉം, ടീം സ്‌കോര്‍ 170ലും നില്‍ക്കവെയാണ് വിരാട് പുറത്താവുന്നത്. പുറത്താക്കിയത് എംബുല്‍ഡെനിയയും. വിക്കറ്റ് വീണ അമ്പരപ്പില്‍ വിരാട് തരിച്ചു നില്‍ക്കുന്ന വിഷ്വല്‍സും വ്യാപകമായി പ്രചരിച്ചിരുന്നു. ആയിരക്കണക്കിനുപേരാണ് ട്വീറ്റിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.