വില്ലനായി മഴ; ചെന്നൈ - ഗുജറാത്ത് ഐ.പി.എൽ ഫൈനൽ, ടോസ് വൈകുന്നു

അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ഐ.പി.എൽ പതിനാറാം സീസൺ കലാശപ്പോരിന് വില്ലനായി മഴ. ഗുജറാത്തിന്റെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. കനത്ത മഴയും കാറ്റും ആലിപ്പഴവർഷവും കാരണം, 7:30-ന് നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് വൈകുകയാണ്.

മഴ തുടരുകയാണെങ്കിൽ ഫൈനൽ വൈകും. അഹമ്മദാബാദിൽ ഞായറാഴ്ച രാത്രി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാന പ്രവചനമുണ്ടായിരുന്നു. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറുമെന്നതിനാൽ ആദ്യ ഓവറുകളിൽ ബാറ്റ് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. 

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയർ അഹമ്മദാബാദിലായിരുന്നു. അന്ന് മഴ കാരണം കളി വൈകിയിരുന്നു. ടോസ് 45 മിനിറ്റോളം വൈകിയപ്പോൾ 7.30ന് തുടങ്ങേണ്ട കളി തുടങ്ങിയത് എട്ട് മണിക്കായിരുന്നു.

മഴ കളി തടസ്സപ്പെടുത്തിയാൽ അഞ്ച് ഓവർ വീതമുള്ള മത്സരത്തിനുള്ള സാധ്യതക്കായി കാത്തിരിക്കും. ഇതിനായി അർധരാത്രി 12.26 വരെ കാത്തിരിക്കും. ഈ സമയം കഴിഞ്ഞും മത്സരത്തിന് സാധ്യതയില്ലെങ്കിൽ ഫൈനൽ റിസർവ് ഡേയായി തിങ്കളാഴ്ച അധികദിനം നിശ്ചയിച്ചിട്ടുണ്ട്. നാളെ പതിവുപോലെ കളി നടക്കുകയാണ് ചെയ്യുക. ഇന്ന് ടോസ് മാത്രമാണ് നടക്കുന്നതെങ്കിൽ നാളെ പുതിയ ടോസിട്ടായിരിക്കും കളി തുടങ്ങുക. അതേസമയം, ഇന്ന് കളി ആരംഭിച്ച് ഇടക്കാണ് മഴ തടസ്സപ്പെടുത്തുന്നതെങ്കിൽ ഇന്ന് നിർത്തിയിടത്തുനിന്നാകും നാളെ കളി പുനരാരംഭിക്കുക. എന്നാൽ, തിങ്കളാഴ്ചയും മഴക്ക് ശമനമില്ലെങ്കിൽ സൂപ്പർ ഓവറിനായി കാത്തിരിക്കും. പുലർച്ചെ 1.20 വരെ ഇതിനായി കാത്തിരിപ്പ് തുടരും. സൂപ്പർ ഓവറും സാധ്യമായില്ലെങ്കിൽ പോയന്റ് ടേബിളിൽ ഒന്നാമന്മാരായ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും.

Tags:    
News Summary - Toss for IPL 2023 final delayed due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.