നവി മുംബൈ: തോൽവിക്കഥകളുടെ കറതീർത്ത പ്രകടനവുമായി ആദ്യ ട്വന്റിയിൽ നേടിയ ജയം തുടരാൻ ഇന്ത്യൻ പെൺകൊടികൾ ഇന്നിറങ്ങുന്നു. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കലാണ് ആതിഥേയർക്കു മുന്നിലെ ലക്ഷ്യം. നേരത്തെ ഏകദിന പരമ്പരയിൽ 3-0ന് തോൽവി വഴങ്ങിയ ക്ഷീണവുമായി കുട്ടിക്രിക്കറ്റിലെ ആദ്യ അങ്കത്തിനിറങ്ങിയ ടീം ഒമ്പതു വിക്കറ്റിന് കളി ജയിച്ചിരുന്നു. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ടീം ടിറ്റസ് സാധു നയിച്ച പ്രകടനവുമായി എതിരാളികളെ 141 റൺസിന് എറിഞ്ഞിട്ടു. താരതമ്യേന ചെറിയ ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഷെഫാലി വർമ-സ്മൃതി വർമ കൂട്ടുകെട്ടിൽ അനായാസ ജയം ഉറപ്പിക്കുകയായിരുന്നു.
സ്മൃതി 54 റൺസെടുത്ത് മടങ്ങിയപ്പോൾ 64 റൺസുമായി ഷെഫാലി പുറത്താകാതെ നിന്നു. ആസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഇരുവരും ചേർന്ന് ടീമിനെ ജയത്തിനരികെയെത്തിച്ചത്. 19കാരിയായ സാധു 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്ത് മികച്ച കൂട്ടുനൽകി. മറുവശത്ത്, ഓസീസ് നിരയിൽ ഫീബ് ലിച്ച്ഫീൽഡ് 49 റൺസെടുത്ത് ഓസീസ് നിരയിൽ കരുത്തുകാട്ടി. കാര്യമായ മാറ്റങ്ങളില്ലാതെയാകും ആതിഥേയർ ഇന്ന് ഇറങ്ങുക. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ പിടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.