ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. സന്നാഹ മത്സരത്തിൽ ഓപൺ ചെയ്ത മലയാളിതാരം സഞ്ജു സാംസണ് അന്തിമ ഇലവനിൽ ഇടം നേടാനായില്ല. സൂപ്പർ താരം കോഹ്ലിയായിരിക്കും ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപൺ ചെയ്യുക.
ഓപണർ യശസ്വി ജയ്സ്വാളിനേയും അന്തിമ ഇലവനിൽ പരിഗണിച്ചില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നീ മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20യുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർക്ക് ഒരുമിച്ചാണ് രംഗത്തിറങ്ങുന്നത്.
സന്നാഹ മത്സരത്തിൽ ലഭിച്ച അവസരം മുതലെടുക്കാനാവാത്തതാണ് സഞ്ജു സാംസണ് വിനയായത്. വിക്കറ്റ് ബാറ്ററായ ഋഷബ് പന്ത് അർധസെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സാധ്യത മങ്ങുകയായിരുന്നു.
രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് ഐറിഷ് പട അത്ര വലിയ എതിരാളികൾ അല്ലെങ്കിലും അപകടകാരികളായ ഒരുപറ്റം താരങ്ങൾ ഉൾപ്പെട്ട പോൾ സ്റ്റിർലിങ് സ്ക്വാഡിനെ എഴുതിത്തള്ളാൻ വയ്യ. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അയർലൻഡ്: പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ, ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.