ട്വന്റി 20 ലോകകപ്പ്: ഏഴ് വിക്കറ്റ് ജയത്തോടെ പാകിസ്താൻ ഫൈനലിൽ

സിഡ്നി: ട്വന്റി 20 ലോകകപ്പിൽ അനായാസ ജയത്തോടെ പാകിസ്താൻ ഫൈനലിൽ. ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിനാണ് ബാബർ അഅ്സമും സംഘവും തകർത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനെ പാകിസ്താൻ ബൗളർമാർ റണ്ണെടുക്കാൻ അനുവദിക്കാതെ കുഴക്കുകയായിരുന്നു. ഡാറിൽ മിച്ചലിന്റെ അർധ സെഞ്ച്വറിയാണ് നാലിന് 152 എന്ന ​സ്കോറിലെത്തിച്ചത്. മിച്ചൽ 35 പന്തിൽ പുറത്താവാതെ 53 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 42 പന്തിൽ 46 നേടി. മറ്റാരും കാര്യമായ സംഭാവന നൽകിയില്ല. ഡെവോൺ കോൺവെ (21), ഫിൻ അലൻ (4), ​െഗ്ലൻ ഫിലിപ്സ് (6), ​ജെയിംസ് നീഷം (പുറത്താവാതെ 16) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. പാകിസ്താനു വേണ്ടി ഷാഹിൻ അഫ്രീദി നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് നവാസ് ഒരു വിക്കറ്റെടുത്തു. കോൺവെ റണ്ണൗട്ടിലൂടെ പുറത്താവുകയായിരുന്നു.

155 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനു വേണ്ടി ഓപണർമാരായ മുഹമ്മദ് റിസ്‍വാനും ക്യാപ്റ്റൻ ബാബർ അസമും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ അഞ്ച് പന്ത് അവശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു. 42 പന്തിൽ ഏഴ് ഫോർ സഹിതം 53 റൺസെടുത്ത ബാബർ അസമിനെ ബോൾട്ടിന്റെ പന്തിൽ മിച്ചൽ പിടിച്ച് പുറത്താക്കിയപ്പോൾ 43 പന്തിൽ 57 റൺസെടുത്ത മുഹമ്മദ് റിസ്‍വാനെ ബോൾട്ടിന്റെ തന്നെ പന്തിൽ ഫിലിപ്സ് പിടികൂടി. മുഹമ്മദ് ഹാരിസ് 30 റൺസുമായി മടങ്ങി. മൂന്ന് റൺസുമായി ഷാൻ മസൂദും റൺസെടുക്കാതെ ഇഫ്തിഖാർ അഹ്മദും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ബോൾട്ട് നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സാൻഡ്നർ ഒരു വിക്കറ്റ് നേടി.

നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളാകും പാകിസ്താന്റെ എതിരാളികൾ. നാളെ ഇന്ത്യ കൂടി ജയം നേടിയാൽ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്ന ഫൈനലിനാവും വേദിയൊരുങ്ങുക. 

Tags:    
News Summary - Twenty20 World Cup: Pakistan in final with easy win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.