മസ്കത്ത്: നേപ്പാളിൽ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത ടൂർണമെന്റിന്റെ ഫൈനലിൽ ഒമാന് വിജയം. കീർത്തിപൂർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ കലാശ കളിയിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റൺസിന് തകർത്താണ് സുൽത്താനേറ്റ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണെടുത്തത്. ഗൽസൻ ഝ (54), റോഹിത് പൗഡൽ (52*), കുശാർ ബുറുതേൽ (31) എന്നിവരുടെ ബാറ്റിങ് മികവാണ് നേപ്പാളിന് ഭേദപ്പട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ സമാന സ്കോറിന് പുറത്താകുകയായിരുന്നു.
അവസാന ഓവറിൽ ഏഴ് റൺസായിരുന്നു ഒമാന് വിജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷേ, ആറുറൺസ് മാത്രമാണ് നേടാനായത്. ഒമാൻ ബാറ്റിങ് നിരയിൽ 63 റൺസുമായി കശ്യപ് ടോപ് സ്കോറായി. ആകിബ് ഇല്യാസ് (33), സീഷാൻ മഖ്സൂദ് (26) റൺസും സ്വന്തമാക്കി. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 21 റൺസാണെടുത്തത്.
നേപ്പാൾ 10 റൺസ് മാത്രമേ എടുത്തുള്ളൂ. ഇരുരാജ്യങ്ങളും ലോകകപ്പ് യോഗ്യത ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയതിനാൽ അടുത്തവർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു. ഒമാൻ ഇത് മൂന്നാംതവണയാണ് ലോകകപ്പ് വേദിയിലേക്ക് നടന്നുകയറുന്നത്. ഇതിന് മുമ്പ് 2016, 2021 വർഷങ്ങളിലായിരുന്നു സുൽത്താനേറ്റ് ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.