തകർത്തടിച്ച് വീണ്ടും വൈഭവ് (36 പന്തിൽ 67); ലങ്കയെ വീഴ്ത്തി ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ

ഷാർജ: പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക 46.2 ഓവറിൽ 173 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ ഇന്ത്യ 21.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒമ്പതാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. 36 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 67 റൺസെടുത്താണ് വൈഭവ് പുറത്തായത്. ഒന്നാം വിക്കറ്റിൽ വൈഭവും ആയുഷ് മാത്രയും ചേർന്ന് 8.3 ഓവറിൽ 91 റൺസാണ് അടിച്ചെടുത്തത്.

ആയുഷ് 28 പന്തിൽ ഏഴു ഫോറടക്കം 34 റൺസെടുത്തു. നായകൻ മുഹമ്മദ് അമാനും (26 പന്തിൽ 25) കെ.പി. കാർത്തികേയനും (14 പന്തിൽ 11) ചേർന്നാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. 22ാം ഓവറിലെ നാലാം പന്ത് സിക്സ് പറത്തിയാണ് അമാൻ ടീമിനെ ജയിപ്പിച്ചത്. 27 പന്തിൽ 22 റൺസെടുത്ത സി. ആന്ദ്രെ സിദ്ധാർഥാണ് പുറത്തായ മറ്റൊരു താരം. ടൂർണമെന്‍റിന്‍റെ തുടക്കത്തിലെ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ വൈഭവ് യു.എ.ഇക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയിരുന്നു. 46 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 76 റൺസെടുത്തു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപക്കാണ് ഈ കൗമാര താരത്തെ ടീമിലെടുത്തത്. നേരത്തെ, ഇന്ത്യൻ ബൗളർമാരാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കിയത്. ചേതൻ ശർമ എട്ടു ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കിരൺ ചോർമാലെ പത്ത് ഓവറിൽ 32 റൺസും വഴങ്ങിയും ആയുഷ് മാത്രെ 10 ഓവറിൽ 37 റൺസും വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ലങ്കക്കായി ലക്വിൻ അബെയ്സിങ്ങെ അർധ സെഞ്ച്വറി നേടി. 110 പന്തിൽ 69 റൺസെടുത്താണ് താരം പുറത്തായത്. ഷാരുജൻ ഷൺമുഖനാഥൻ 78 പന്തിൽ 42 റൺസെടുത്തു. തകർച്ചയോടെയാണ് ലങ്ക തുടങ്ങിയത്. എട്ടു റൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. ഒപ്പണർമാരായ ദുൽനിത്ത് സിഗേര (16 പന്തിൽ രണ്ടു റൺസ്), പുലിന്ദു പെരേര (അഞ്ചു പന്തിൽ ആറ്), വിമത് ദിൻസര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നാലാം വിക്കറ്റിൽ ഷാരുജനും ലക്വിനും ചേർന്നാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും നാലാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - U19 Asia Cup: Vaibhav Suryavanshi stars as India beat Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.