അവസാന ഓവറിൽ വൈഡ് വിളിക്കാതെ അമ്പയർ, സോഷ്യൽ മീഡിയയിൽ ചർച്ച

കോഹ്‍ലി സെഞ്ച്വറി നേടിയ മത്സരത്തിലെ 42ാം ഓവറിൽ രണ്ടാം പന്ത് അമ്പയർ വൈഡ് വിളിക്കാതിരുന്നതിൽ ചർച്ച ചൂടുപിടിക്കുന്നു. ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. അവസാന ഓവറിൽ രണ്ട് റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ബംഗ്ലാദേശ് താരം നസും എറിഞ്ഞ ആദ്യ പന്ത് വൈഡ് ലൈനിൽ പോയി. എല്ലാവരും കരുതിയത് അമ്പയർ വൈഡ് വിളിക്കുമെന്നായിരുന്നു. എന്നാൽ, അമ്പയർ അത് ഡോട്ട് ബോളാക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വ്യാപക ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

ബംഗ്ലാദേശ് ബൗളർമാരെ നിഷ്പ്രഭരാക്കി മുൻനിര ബാറ്റർമാർ തകർത്തടിച്ച ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 257 എന്ന വിജയലക്ഷ്യം 41.3 ഓവറിൽ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലി സെഞ്ച്വറി നേടി (പുറത്താകെ 103). ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ: ബംഗ്ലാദേശ്- 50 ഓവറിൽ എട്ടിന് 256. ഇന്ത്യ- 41.3 ഓവറിൽ മൂന്നിന് 261.

ബാറ്റിങ്ങിന് അനുകൂലമായ പുണെയിലെ പിച്ചിൽ അയൽക്കാർ ഉയർത്തിയ വിജയലക്ഷ്യം ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളിയായില്ല. 40 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 55 പന്തിൽ 53 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 13ാം ഓവറിൽ ഹസ്സൻ മഹ്മൂദിന്‍റെ പന്തിൽ തൗഹീദ് ഹൃദോയ് പിടിച്ച് അർധസെഞ്ചുറിക്ക് രണ്ട് റൺസകലെ രോഹിത് പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 88. പിന്നാലെയിറങ്ങിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ റണ്ണൊഴുക്ക് അനായാസമായി. 20ാം ഓവറിലാണ് ഗില്ലിന്‍റെ വിക്കറ്റ് വീണത്. ശ്രേയസ് അയ്യർ 19 റൺസെടുത്ത് പുറത്തായി. പിന്നീട് കോഹ്ലിയും കെ.എൽ. രാഹുലും ചേർന്നുള്ള കൂട്ടുകെട്ട് ടീമിനെ വിജയം വരെ നയിച്ചു. മികച്ച പ്രകടനം തുടരുന്ന കോഹ്ലി 97 പന്തിലാണ് 103 റൺസെടുത്തത്. അവസാന പന്തിൽ സിക്സടിച്ചാണ് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയത്. ഏകദിനത്തിലെ 48ാം സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. നാല് സിക്സറുകളും ആറ് ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. 


Tags:    
News Summary - Umpire not calling wide in last over, discussion on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.